ന്യൂഡൽഹി: ഊർജ വിഷയത്തിൽ ഇന്ത്യ മുൻഗണന നൽകുന്നത് ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്നു ട്രംപിന്റെ പ്രസ്താവനയ്ക്ക മറുപടിയുമായി കേന്ദ്രസർക്കാർ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിനു മറുപടി നൽകുകയായിരുന്നു ഇന്ത്യ.
‘‘എണ്ണയും പ്രകൃതിവാതകങ്ങളും പ്രധാനമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഊർജം ആവശ്യമായ സാഹചര്യത്തിൽ, ഇന്ത്യക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇവിടെ മുൻഗണന. രാജ്യത്തിന്റെ ഇറക്കുമതി നയങ്ങൾ പൂർണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്’’– വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു.
അതുപോലെ സ്ഥിരമായ ഊർജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വിപണി സാഹചര്യങ്ങൾക്കനുസരിച്ച്, ഊർജ സ്രോതസുകൾ വിപുലീകരിക്കുന്നതും വൈവിധ്യവൽക്കരിക്കുന്നതും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായും പ്രസ്താവനയിൽ പറയുന്നു. ഇതിനിടെ യുഎസ് ഭരണകൂടം ഇന്ത്യയുമായുള്ള ഊർജ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ താൽപര്യം കാണിച്ചിട്ടുണ്ട്. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കുമെന്നു വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പ്രതികരിച്ചിരുന്നു.