ലക്നൗ; ഉത്തർപ്രദേശ് തലസ്‌ഥാനമായ ലക്നൗവിലെ വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എക്സിക്യൂട്ടീവ് എൻജിനീയറായ സൂര്യ പ്രതാപ് സിങ്ങാണ് (33) കൊല്ലപ്പെട്ടത്. താൻ പങ്കാളിയെ കൊലപ്പെടുത്തിയെന്ന് ഒപ്പം താമസിക്കുകയായിരുന്ന രത്‌ന (46) പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. സലാർജങ് ഗ്രാമത്തിലെ ഗ്രീൻ സിറ്റിയിലുള്ള വീട്ടിലെത്തിയ പൊലീസ് കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിനു ശേഷം പത്തു മണിക്കൂർ മൃതദേഹത്തിനൊപ്പം കഴിഞ്ഞ ശേഷമാണ് ഇവർ പൊലീസ് സ്റ്റേഷനിൽ ഫോൺ ചെയ്ത് കുറ്റസമ്മതം നടത്തിയത്. സൂര്യയുടെ പിതാവ് നരേന്ദ്ര സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രത്‌നയ്ക്കും പെൺമക്കൾക്കുമെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. രത്‌നയെ അറസ്റ്റു ചെയ്ത പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. ‘ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയായ സൂര്യ പ്രതാപ് സിങ് സ്വകാര്യ ഇലക്ട്രിക്കൽ ഉപകരണ കമ്പനിയിൽ എക്സിക്യൂട്ടീവ് എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.
പത്തു വർഷമായി ഇയാൾക്കൊപ്പമാണ് രത്‌നയും അവരുടെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. ഇരുവരും തമ്മിൽ പതിവായി വഴക്കിടാറുണ്ടായിരുന്നു. സൂര്യയുടെ പേരിലായിരുന്നു അദ്ദേഹം താമസിച്ചിരുന്ന വീട്. അത് തന്റെ പേരിലേക്ക് മാറ്റി നൽകണമെന്ന് രത്‌ന സമ്മർദം ചെലുത്തിയിരുന്നു. ഇതേക്കുറിച്ച് ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു’ – ബിബിഡി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ റാം സിങ് പറഞ്ഞു.




















































