ദുബായ്: ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിനിടെ, ഇന്ത്യൻ യുവതാരത്തിന്റെ സത്യസന്ധതയ്‌ക്ക് കയ്യടിച്ച് പാക്കിസ്ഥാന്റെ ഇതിഹാസ താരം വസിം അക്രം. മത്സരത്തിനിടെ താൻ കയ്യിലൊതുക്കിയ പന്ത് ശരിക്കും ക്യാച്ചല്ലെന്ന് അംപയറിനോടു തുറന്നുസമ്മതിച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയാണ്, കമന്ററി ബോക്സിലുണ്ടായിരുന്ന വസിം അക്രം അഭിനന്ദിച്ചത്.
മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റു ചെയ്യുന്നതിനിടെയാണ് സംഭവം. പാക്കിസ്ഥാൻ ഇന്നിങ്സിലെ 28–ാം ഓവർ ബോൾ ചെയ്തത് ഇന്ത്യയുടെ വെറ്ററൻ പേസ് ബോളർ മുഹമ്മദ് ഷമി. ഈ ഓവറിലെ ആദ്യ പന്തു നേരിട്ടത് പാക്കിസ്ഥാൻ ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്‌വാനും.
ഓഫ്സൈഡിനു പുറത്തുവന്ന ലെങ്ത് പന്ത് പുൾഷോട്ടിലൂടെ ബൗണ്ടറി കടത്താൻ ശ്രമിച്ച റിസ്‌വാന് ഉദ്ദേശിച്ച രീതിയിൽ പന്ത് കണക്ട് ചെയ്യാനായില്ല. ഫലം, മിഡ്‌വിക്കറ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ശുഭ്മൻ ഗില്ലിനു തൊട്ടുമുന്നിലേക്കാണ് പന്തു വീണത്. മുന്നോട്ടു ഡൈവ് ചെയ്ത ഗിൽ പന്ത് കയ്യിലൊതുക്കിയെങ്കിലും, അതിനു മുൻപേ നിലത്ത് സ്പർശിച്ചതായി അംപയറിനെ അറിയിക്കുകയായിരുന്നു.
ഗില്ലിന്റെ ഈ പ്രവർത്തിയാണ് കമന്ററി ബോക്സിലുണ്ടായിരുന്ന അക്രത്തെ ആകർഷിച്ചത്. ‘ഗുഡ് സ്പോർട്സ്മാൻഷിപ്’ എന്ന് അദ്ദേഹം കമന്ററിക്കിടെ തന്നെ ഗില്ലിനെ അനുമോദിക്കുകയും ചെയ്തു.
ഏകദിനത്തിൽ സമീപകാലത്ത് മികച്ച ഫോമിലുള്ള ശുഭ്മൻ ഗിൽ, ചാംപ്യൻസ് ട്രോഫിയിൽ കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയാണ്. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ക്യാപ്റ്റൻ രോഹിത് ശർമ ഇടയ്ക്ക് കളത്തിൽനിന്ന് കയറിയപ്പോൾ, പകരം ടീമിനെ നയിച്ചതും ശുഭ്മൻ ഗിൽ തന്നെ. ബംഗ്ലദേശിനെതിരായ ആദ്യ മത്സരത്തിൽ ഗിൽ തകർപ്പൻ സെഞ്ചറിയുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു.
Wasim Akram Lauds Shubman Gill’s Honesty in India vs Pakistan Match
Indian Cricket Team Pakistan Cricket Team Champions Trophy Cricket 2025 Shubman Gill