‘മക്കളുടെ കയ്യിലേക്ക് മാരകായുധം കൊടുത്തു വിട്ടത് ചില മാതാപിതാക്കൾ തന്നെയാണ്. വലിയ ആള്‍ക്കാരില്‍ പലരും എന്റെ കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ദൂരെ നിന്ന് നോക്കി നില്‍ക്കുകയായിരുന്നു. പ്രതികളായ കുട്ടികളുടെ ഏട്ടന്മാരായ ആളുകളൊക്കെ അടിക്കുന്നത് കണ്ട് നില്പുണ്ടായിരുന്നു. മാത്രമല്ല പുറത്ത് നിന്ന് ആരേലും പിടിച്ചുമാറ്റാന്‍ വന്നാല്‍, ഞങ്ങള്‍ ഇടപെടും എന്ന തരത്തിലാണ് വലിയവര്‍ നോക്കി നിന്നത്. വളഞ്ഞിട്ട് കൂട്ടംകൂടിയാണ് എന്റെ മോനെ അടിച്ചത്. അത് കണ്ട കാഴ്ച്ചക്കാരുണ്ട്. അവര്‍ പുറത്ത് പറയാന്‍ ഭയം മൂലം മടിക്കുന്നതാണ്. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ആളുകള്‍ ഈ 15 വയസുള്ള കുട്ടികള്‍ക്ക് പിന്നിലുണ്ട്’. അവരാണ് കുട്ടികളെ സപ്പോര്‍ട്ട് ചെയ്യുന്നതും ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതും. താമരശ്ശേരി വിദ്യാർഥി സംഘർഷത്തിനിടെ 15കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍, ആരോപണങ്ങളുമായി പിതാവ് രംഗത്ത്.
സര്‍ക്കാരിലും നീതിപീഠത്തിലും ഉറച്ച വിശ്വാസമുണ്ടെന്നും, മകനെ ഇല്ലാതാക്കിയവര്‍ക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും അല്ലെങ്കിൽ ജീവിതംതന്നെ അവസാനിപ്പിക്കുമെന്നും കൊല്ലപ്പെട്ട ഷഹബാസിന്‍റെ പിതാവ് പറഞ്ഞു.
‘പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ ഈ കുട്ടികള്‍ വീണ്ടും തിരിച്ചിറങ്ങി ഇതു തന്നെ കാട്ടുമെന്നാണ് എല്ലാവരും പറയുന്നത്. രാഷ്ട്രീയ സ്വാധീനത്തിന്‍റെ പേരില്‍ ആരെയും വെറുതേ വിടരുത്. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് മോനെ ആക്രമിച്ചത്. വെറെ ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം. സാധാരണക്കാര്‍ക്ക് ഇത് താങ്ങാനാവില്ല. അന്നന്ന് കിട്ടണ ശമ്പളം പോര കുട്ടികളെ വളര്‍ത്താന്‍. കഷ്ടപ്പെട്ടാണ് അവനെ വളര്‍ത്തിക്കൊണ്ടുവന്നത്.
തന്റെ കുടുംബത്തെ നീതിപീഠം കൈയ്യൊഴിഞ്ഞാല്‍ ഒരു തുണ്ട് കയറില്‍ എല്ലാം അവസാനിപ്പിക്കും. സമനില തെറ്റിയാണ് നില്‍ക്കുന്നത്. അവന്‍റെ ഉമ്മ സ്വയംബോധമില്ലാതെ കിടക്കുകയാണ്. കൊച്ച് കുഞ്ഞുണ്ട്. വല്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. രാഷ്ട്രീയത്തില്‍ സ്വാധീനമുള്ളയാളുകളാണ് പ്രതികളായ കുട്ടികളില്‍ പലരുടെയും രക്ഷിതാക്കള്‍’. അവരുടെ മക്കളെ അവര്‍ രക്ഷിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും അത് അനുവദിക്കരുതെന്നും’ അദ്ദേഹം നിറകണ്ണുകളോടെ പറയുന്നു.
അതേസമയം കുറ്റക്കാരായ മുഴുവന്‍ വിദ്യാര്‍ഥികളെയും കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങി. ഇതിനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. മാത്രമല്ല ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്ക് ഒരു കുട്ടിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ വേറേയും കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരേയും കണ്ടെത്തി കേസെടുക്കാനാണ് പോലീസിന്‍റെ തീരുമാനം.