ഓറെബ്രോ: സ്വീഡനെ നടുക്കിയ വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലാണ് വെടിവെയ്പ് ഉണ്ടായത്. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. സ്റ്റോക്കോ നഗരത്തില്‍നിന്ന് 200 കിമീ അകലെയുള്ള ഓറെബ്രോയിലാണ് ആക്രമണമുണ്ടായത്.
20 വയസ് പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന കാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. മുന്‍പരിചയമില്ലാത്ത അക്രമിയാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. വെടിവയ്പിന് കാരണമായ വിഷയം എന്താണെന്നും കൃത്യമായ ധാരണയില്ലെന്നാണ് പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരിൽ പലരുടേയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. നാലുപേരെ ഇതിനോടകം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം നേടാൻ കഴിയാത്തവർക്ക് വിദ്യാഭ്യാസ സൌകര്യം നൽകുന്ന സ്ഥാപനത്തിലാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നാലെ സമീപത്തുള്ള സ്കൂളുകളിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പത്തിലധികം റണ്ട് വെടിയുതിർത്തതായി അക്രമത്തിന്‍റെ ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.