തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ പ്രതികരിച്ച് മുന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ എംപി. അമ്പല കള്ളന്മാർ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. താന്‍ ദേവസ്വം മന്ത്രിയായിരുന്ന സമയത്തും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നുവെന്നും എല്ലാം ഇപ്പോള്‍ പരസ്യമായി പറയാനാകില്ലെന്നും രാധാകൃഷ്ണന്‍ എംപി പറഞ്ഞു. അതുപോലെ ഉണ്ണികൃഷ്ണന്‍ പോറ്റി ഒരു മറ മാത്രമാണെന്നും ക്രമക്കേടുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. കൃത്യമായ രീതിയില്‍ അന്വേഷണം നടക്കണം. തെറ്റായ രീതികളെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ ഷൂ എറിഞ്ഞ സംഭവത്തിലും രാധാകൃഷ്ണൻ എംപി പ്രതികരിച്ചു. ചീഫ് ജസ്റ്റിസിനെ ചെരിപ്പെറിയുക എന്ന സന്ദേശം രാജ്യത്ത് കൊണ്ടുവരികയാണെന്നും ചിലരുടെ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഇത് നടന്നിട്ടുണ്ടാവുകയെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ‘ഗാന്ധിജിയെ വെടിവെച്ച് കൊന്നത് ഗോഡ്‌സെ ആണെങ്കിലും നിര്‍ദേശം വന്നത് എവിടെ നിന്നെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. വിഷയത്തില്‍ ശക്തമായ പ്രതിഷേധമുയരണം’: കെ രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.