മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചുവെന്ന ആരോപണത്തിൽ ബിഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലാ പോലീസ് വെള്ളിയാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്തു.
‘എല്ലില്ലാത്ത നാവുകൊണ്ട് പ്രധാനമന്ത്രി നുണകളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും ഹിമാലയം തന്നെ സൃഷ്ടിക്കും. എന്നാൽ, നീതിയെ സ്‌നേഹിക്കുന്ന ദശരഥ് മാഞ്ചിയെപ്പോലെ ബിഹാറിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നുണകളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും ഈ വലിയ പർവതങ്ങൾതകർക്കും.’ എന്നായിരുന്നു തേജസ്വി എക്സിൽ പങ്കുവെച്ച പോസ്റ്റ്. ഇതിനെതിരെ ഗഡ്ചിരോളിയിൽ നിന്നുള്ള ബിജെപി എംഎൽഎ മിലിന്ദ് നരോട്ടെയാണ് ആർജെഡി നേതാവിനെതിരെ പരാതി നൽകിയിരിക്കുന്നത് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഭാരതീയ ന്യായ സംഹിതയിലെ 196 (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 356 (അപകീർത്തിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള മനഃപൂർവമായ അപമാനം), 353 (പൊതുദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് യാദവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.