കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂൾ അധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങി മരിച്ചത്. കട്ടിപ്പാറയിലെ സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന, കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.
അലീനയെ കാണാതെ സ്കൂൾ അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. തുടർന്ന് മൂന്നു മണിയോടെ പിതാവ് ബെന്നി വീട്ടിലെത്തി നോക്കിയപ്പോഴാണ് അലീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ പി സ്കൂളിൽ 5 വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലാണ് ജോലി ചെയ്യുന്നത്. ജോലിക്കായി ആറുവർഷം മുൻപ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജുമെൻ്റിന് നൽകിയതായും കുടുംബം പറയുന്നുണ്ട്. വീട്ടിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് അവസാന ഒരു വർഷം അലീന ജോലി ചെയ്തത്.
കട്ടിപ്പാറ സ്കൂളിൽ ലീവ് വേക്കൻസിയിലാണ് അലീന ആദ്യം ജോലിക്ക് കേറിയത്. ഇവിടെ നിയമനത്തിന് സാധ്യതയില്ലായിരുന്നിട്ടും മാനേജ്മെൻ്റ് സ്ഥിര നിയമനത്തിന് സാധ്യതയുണ്ടെന്ന് വാഗ്ദാനം നൽകിയാണ് ഇവർക്ക് ജോലി നൽകിയത്. എന്നാൽ അവധിക്ക് പോയ അധ്യാപിക തിരികെ വന്നതോടെ അലീനയെ വീടിന് അടുത്തുള്ള സ്കൂളിൽ നിന്ന് കോടഞ്ചേരിയിലേക്ക് മാറ്റി. ഇവിടെയും സ്ഥിര നിയമനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായാണ് വിവരം.
എന്നാൽ ഇതുവരെ അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് മകൾ ജീവനൊടുക്കിയതെന്നു ബെന്നി പറഞ്ഞു. കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ 5 വർഷത്തെ ശമ്പളമോ, ആനുകൂല്യമോ ആവശ്യമില്ലെന്നു കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും ബെന്നി പറഞ്ഞു.