അമേരിക്കയുടെ തീരുവ ഉയർത്തൽ ഏതുവിധത്തിലെന്ന് അറിഞ്ഞ ശേഷം ശമ്പള വർധന അടക്കമുള്ളവ പരിഗണിക്കാമെന്നു തീരുമാനവുമായി ടെക് കമ്പനികൾ. അതുവരെ ശമ്പള വർധന തത്കാലം മാറ്റിവച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2025 ഏപ്രിലിൽ നൽകേണ്ടിയിരുന്ന വാർഷിക ശമ്പള വർധനയാണ് മാറ്റിവച്ചത്. ആഗോള സാമ്പത്തിക അനിശ്ചിതത്വവും, അമേരിക്കയുമായി ബന്ധപ്പെട്ട താരിഫ് ആശങ്കകളുമാണ് ഈ തീരുമാനത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു. ബിസിനസ് പരിതസ്ഥിതി എങ്ങനെ പുരോഗമിക്കുന്നു എന്നതിനെ ആശ്രയിച്ച് ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും കമ്പനി അറിയിച്ചു.
മാത്രമല്ല 2025 മാർച്ച് പാദത്തിൽ ടിസിഎസ് 5.3% വാർഷിക വളർച്ചയോടെ 64,479 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയെങ്കിലും കമ്പനിയുടെ മൊത്തം ലാഭം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 2% കുറഞ്ഞിട്ടുണ്ട്. വാർഷിക ശമ്പള വർദ്ധനവ് മാറ്റിവച്ചെങ്കിലും ടിസിഎസ് ത്രൈമാസ വേരിയബിൾ പേ ഔട്ടുകൾ തടസമില്ലാതെ നൽകും. 70% ജീവനക്കാർക്ക് പൂർണ്ണ വേരിയബിൾ പേ നാലാം പാദത്തിൽ നൽകും. ബാക്കിയുള്ളവർക്ക് ബിസിനസ് പ്രകടനവുമായി ബന്ധപ്പെട്ട പേ ഔട്ടുകൾ ലഭിക്കും.
കൂടാതെ ടിസിഎസ് നാലാം പാദത്തിൽ 625 പേർക്ക് നിയമനം നൽകിയിട്ടുണ്ട്. 2025-ൽ കമ്പനി 42,000 ഫ്രഷേഴ്‌സിനെ നിയമിച്ചു, 2026-ൽ ഇതിന് സമാനമോ അല്പം കൂടുതലോ ആയ നിയമനം പദ്ധതിയിടുന്നുണ്ട്. ക്യാമ്പസ് റിക്രൂട്ട്‌മെന്റ് തന്ത്രപരമായ മുൻഗണനയായി തുടരുന്നു, എങ്കിലും ഭാവി നിയമനങ്ങൾ ബിസിനസ് സാഹചര്യങ്ങളെയും നൈപുണ്യ ആവശ്യകതകളെയും ആശ്രയിച്ചിരിക്കും. 2025 ഡിസംബർ പാദത്തിൽ ടിസിഎസ് 5,370 ജീവനക്കാരെ കുറച്ചിരുന്നു.