തിരുവനന്തപുരം: ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെയാണ് അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ ഇന്ന് ഉച്ചയോടെ ജയിലിലേക്ക് മാറ്റി.
അതേസമയം ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയോടെയാണ് രാജീവര് അറസ്റ്റിലായത്. തൊട്ടടുത്ത ദിവസം രാവിലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു എന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്കാണ് രാജീവരെ റിമാൻഡ് ചെയ്തിരിക്കുന്നത്. സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ അറസ്റ്റായിരുന്നു തന്ത്രിയുടേത്. കേസിൽ പതിമൂന്നാം പ്രതിയാണ് തന്ത്രി.
കഴിഞ്ഞിദിവസം കൊച്ചിയിലെ എസ്‌ഐടി ഓഫീസിൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച വൈകീട്ടോടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിതിന്റെ വീട്ടിൽ ഹാജരാക്കി. റിമാൻഡിനുശേഷം രാത്രിയോടെ പൂജപ്പുരയിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ഇവിടെവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ കാർഡിയാക് ഇഷ്യൂ കണ്ടതോടെയാണ് കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ കാർഡിയാക് ഐസിയുവിൽ പ്രവേശിപ്പിച്ചു. അടിയന്തര സാഹചര്യത്തിലല്ല, ഒബ്‌സർവേഷനുവേണ്ടിയാണ് രാജീവരെ ഐസിയുവിൽ പ്രവേശിപ്പിച്ചത് എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെ അദ്ദേഹത്തെ ഡിസ്ചാർജ്‌ചെയ്ത് വീണ്ടും പൂജപ്പുര ജയിലിലേക്ക് കൊണ്ടുപോയി.



















































