കാബൂൾ: തങ്ങളുടെ മണ്ണിൽ വ്യോമാക്രമണം നടത്തിയെന്നാരോപിച്ച് താലിബാൻ സേന പാക്ക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചു. പല പ്രവിശ്യകളിലും കനത്ത പോരാട്ടം നടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺഖ്വയിൽ പൊലീസ് ട്രെയിനിങ് ക്യാമ്പിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 20 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഇതിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാഴാഴ്ച രണ്ട് സ്ഫോടനങ്ങളും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് മറ്റൊരു സ്ഫോടനവും നടന്നിരുന്നു. പാക്ക്–അഫ്ഗാൻ അതിർത്തി പ്രദേശത്തെ ചന്തയിലും സ്ഫോടനമുണ്ടായി. ഈ ആക്രമണങ്ങൾക്കു പിന്നിൽ പാക്കിസ്ഥാനാണെന്നാണ് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പറയുന്നത്. പാക്കിസ്ഥാൻ തങ്ങളുടെ പരമാധികാരം ലംഘിച്ചതായും ആരോപിച്ചു. അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിൽ സന്ദർശനം നടത്തുമ്പോഴാണ് സ്ഫോടനം ഉണ്ടായത്. പാക്കിസ്ഥാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
സ്ഫോടനം നടന്നതായും ആളപായം ഇല്ലെന്നും അഫ്ഗാൻ സർക്കാർ വക്താവ് വ്യക്തമാക്കിയിരുന്നു. കാബൂളിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി താലിബാൻ സേന അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സുരക്ഷാ സേനയുമായി കനത്ത ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അഫ്ഗാൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാൻ വീണ്ടും അഫ്ഗാൻ പ്രദേശത്തു കടന്നുകയറുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്നു മുന്നറിയിപ്പും നൽകി.


















































