കാബൂൾ: പ്രശസ്ത ബ്രിട്ടീഷ് സീരീസ് ‘പീക്കി ബ്ലൈൻഡേഴ്സി’ലെ കഥാപാത്രങ്ങളെ അനുകരിച്ച് ട്രഞ്ച് കോട്ടുകളും ഫ്‌ളാറ്റ് കാപ്പുകളും ധരിച്ച് തെരുവുകളിലൂടെ ചുറ്റിനടന്നതിന് അഫ്ഗാനിസ്ഥാനിലെ നാല് യുവാക്കളെ പിടികൂടി തടവിലാക്കി. ഇവരെ പുനരധിവാസ തടങ്കലിലേക്കു മാറ്റി. തെക്കൻ ഹെറാത്ത് പ്രവിശ്യയിൽ ‘വിദേശ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന’ കുറ്റത്തിനു തടവിലാക്കിയതായി താലിബാൻ സർക്കാരിന്റെ ദുരാചാര നിവാരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
പാശ്ചാത്യ ചലച്ചിത്ര കഥാപാത്രങ്ങളെ അനുകരിച്ചതിന് പുരുഷന്മാരെ കസ്റ്റഡിയിലെടുക്കുകയും ‘പുനരധിവാസ പരിപാടിയിൽ’ പ്രവേശിപ്പിക്കുകയും ചെയ്തു. ഞങ്ങൾ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്, ഞങ്ങൾക്ക് ഞങ്ങളുടേതായ മതവും സംസ്‌കാരവും മൂല്യങ്ങളുമുണ്ട്. നിരവധി ത്യാഗങ്ങളിലൂടെ, ഞങ്ങൾ ഈ രാജ്യത്തെ ഹാനികരമായ സംസ്‌കാരങ്ങളിൽനിന്ന് സംരക്ഷിച്ചു, ഇപ്പോൾ ഞങ്ങൾ അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.’ മന്ത്രാലയത്തിന്റെ വക്താവ് സെയ്ഫുർ റഹ്‌മാൻ ഖൈബർ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു,
അതുപോലെ നാല് പേരെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ല. മറിച്ച് വിളിച്ചുവരുത്തുകയും ഉപദേശിക്കുകയും മോചിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ‘ഞങ്ങൾക്ക് ഞങ്ങളുടേതായ മതപരവും സാംസ്‌കാരികവുമായ മൂല്യങ്ങളുണ്ട്, പ്രത്യേകിച്ചും വസ്ത്രധാരണത്തിന് ഞങ്ങൾക്ക് പ്രത്യേക പരമ്പരാഗത ശൈലികളുണ്ട്. അവർ ധരിച്ച വസ്ത്രങ്ങൾക്ക് അഫ്ഗാൻ സ്വത്വമില്ല. ഞങ്ങളുടെ സംസ്‌കാരവുമായി യോജിക്കുന്നില്ല. രണ്ടാമതായി, അവരുടെ പ്രവൃത്തികൾ ഒരു ബ്രിട്ടീഷ് സിനിമയിലെ നടന്മാരെ അനുകരിക്കുന്നതായിരുന്നു. ആരെയെങ്കിലും പിന്തുടരുകയോ അനുകരിക്കുകയോ ചെയ്യുകയാണെങ്കിൽ, നല്ലതും നിയമപരവുമായ കാര്യങ്ങളിൽ മത പിതാക്കന്മാരെ പിന്തുടരണം.’ അദ്ദേഹം പറഞ്ഞു.
അതേസമയം അഫ്ഗാൻ യുവാക്കളായ അസ്ഗർ ഹുസൈനി, ജലീൽ യാക്കൂബി, അഷോർ അക്ബറി, ദാവൂദ് റാസ എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ഇരുപതു വയസിന് താഴെയുള്ളവരാണ്. അവർ പാശ്ചാത്യവസ്ത്രങ്ങൾ ധരിച്ച് ഒരുമിച്ച് നടന്നുപോകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആളുകൾക്ക് ഫോട്ടോ എടുക്കാൻ പലപ്പോഴും അവർ പോസ് ചെയ്യുന്നതും കാണാമായിരുന്നു. ഇതിൽ ഒരാൾ പിന്നീട് ഇങ്ങനെ ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തു.

















































