തൃശൂർ: പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തിൽ ട്രെയിനിൽ വെച്ച് ഒരു കൂട്ടം വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ചൊല്ലിയയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കുഞ്ഞുങ്ങൾ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവർക്ക് അപ്പോൾ അതാണ് തോന്നിയത്, അത് അവർ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണ്. വിവാദമൊന്നും മൈൻഡ് ചെയ്യേണ്ടതേ ഇല്ലായെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നൽകുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സർവ്വീസ്. പെൺകുട്ടികൾക്കിത് വളരെയേറെ ഉപകാരപ്പെടും. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതൽ ട്രെയിനുകൾ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും മുന്നോട്ടുണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
അതുപോലെ താൻ തൃശ്ശൂരിലെ മോഡേൺ കോളനി, പാടൂക്കാട് കോളനി എന്നിവിടങ്ങളിൽ പോയെന്നും എംപി പ്രതികരിച്ചു. ഈ രണ്ട് കോളനികളിൽ നിന്നും എനിക്ക് ഹൃദയം തകരുന്ന വിവര ശേഖരണമാണ് ലഭിച്ചത്. വളരെ അപകടകരമായ ചില കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട്. കഴിഞ്ഞ 70 വർഷമായി അവർ പടുകുഴിയിലാണ് വാഴുന്നത്. മറ്റു വിഷയങ്ങളിൽ കുത്തിത്തിരിപ്പുണ്ടാക്കാതെ ഇവിടെ മാറിമാറി ഭരിക്കുന്നവരവിടെ വരൂ, അവർക്ക് നന്മ നൽകിക്കൊണ്ട് നമുക്ക് അതാഘോഷിക്കാം’, അദ്ദേഹം പറഞ്ഞു.
അതേസമയം പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തിൽ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേൺ റെയിൽവെ പങ്കുവെച്ചതും വിവാദമായിരുന്നു. ‘എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തിൽ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയിൽവെ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യുകയും വെെകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.
പിന്നാലെ വിദ്യാഭ്യാസ മന്ത്രി സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. കുരുന്നുകളെ രാഷ്ട്രീയ വത്കരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു.















































