ന്യൂഡൽഹി: തെരുവുനായകളുടെ പെരുമാറ്റം നിങ്ങൾക്ക് വായിച്ചെടുക്കാൻ പറ്റുമോ? രാവിലെ അത് എന്ത് മാനസികാവസ്ഥയിലാണെന്ന് നിങ്ങൾക്കറിയാമോ?… ഇതൊന്നു മുൻകൂട്ടി വായിച്ചെടുക്കാൻ പറ്റില്ലെങ്കിൽ സ്‌കൂളുകൾ, ആശുപത്രികൾ, കോടതികൾ തുടങ്ങിയ സുപ്രധാന സ്ഥലങ്ങളിൽ നിന്ന് അവയെ നീക്കം ചെയ്യുന്നത് എന്തിനാണ് എതിർക്കുന്നതെന്ന് മൃഗസ്നേഹിക്കളോട് സുപ്രീം കോടതി. കടിച്ചുകീറാനുള്ള അവസ്ഥയിലാവുമ്പോൾ അവയുടെ പെരുമാറ്റം ആർക്കും വായിച്ചെടുക്കാൻ കഴിയില്ല. സുപ്രിംകോടതിയുടെ പരിഷ്‌കരിച്ച ഉത്തരവ് സ്ഥാപനപരമായ സ്ഥലങ്ങളിൽ മാത്രം ഒതുങ്ങുന്നതാണെന്നും പൊതുറോഡുകളിൽ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
അപകടകാരികളായ നായ്ക്കളെ പെരുമാറ്റംകൊണ്ടു മാത്രം തിരിച്ചറിയുന്നത് അസാധ്യമാണ്. അതുപോലെ റോഡുകളിലും തെരുവുകളിലും നായ്ക്കളുടെ ജനസംഖ്യയെ നിയന്ത്രിക്കുന്നതിൽ വെല്ലുവിളികൾ ഉണ്ടെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജാരി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
‘നായ്ക്കളുടെ കടി മാത്രമല്ല പ്രശ്നെ. അവ ഉണ്ടാക്കുന്ന മറ്റു ഭീഷണികൾ കൂടിയുണ്ട്, പേവിഷബാധ, അപകടങ്ങളുൾപ്പെടെ. ഇതൊക്കെ എങ്ങനെ തിരിച്ചറിയാൻ കഴിയും? രാവിലെ ഏത് നായ എന്ത് മാനസികാവസ്ഥയിൽ ആയിരിക്കുമെന്ന് നിങ്ങൾക്കറിയില്ല.’ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. കടിക്കാതിരിക്കാൻ നായ്ക്കൾക്ക് കൗൺസിലിങ് നൽകുക മാത്രമേ ഇനി ചെയ്യാനായി ബാക്കിയുള്ളുവെന്നും കോടതി പരിഹസിച്ചു.
അതുപോലെ തെരുവുകൾക്കും സ്ഥാപനപരമായ സ്ഥലങ്ങൾക്കും ഇടയിലെ വ്യത്യാസവും ജസ്റ്റിസ് മേത്ത ചൂണ്ടിക്കാട്ടി. കോടതി പരിസരങ്ങളിലും സ്‌കൂളുകളിലും ആശുപത്രികളിലും എന്തിനാണ് നായ്ക്കളുടെ ആവശ്യമെന്ന് ജസ്റ്റിസ് മേത്ത ചോദിച്ചു. സ്ഥാപനങ്ങൾ തെരുവുകളല്ലെന്നും അവ സുരക്ഷിതമായി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേസിലെ വാദം നാളെയും തുടരും. സംസ്ഥാനങ്ങളോട് ഇതുവരെ സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ടും സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന ഹൈവേകൾ, ദേശീയ ഹൈവേകൾ, എക്‌സ്പ്രസ് വേകൾ എന്നിവിടങ്ങളിൽനിന്ന് കന്നുകാലികളെയും മറ്റ് തെരുവുമൃഗങ്ങളെയും നീക്കം ചെയ്യുന്നത് അധികൃതർ ഉറപ്പാക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. എന്നാൽ, പേബാധ സംശയിക്കുന്ന നായ്ക്കൾക്ക് ഈ പുനരധിവാസം ബാധകമാകില്ലെന്ന് മൂന്നംഗ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
2025 നവംബറിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളുടെ കടിയേൽക്കുന്ന സംഭവം വർധിക്കുന്നതു കണക്കിലെടുത്ത് നായ്ക്കളെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും ശേഷം ഷെൽട്ടറുകളിലേക്ക് മാറ്റാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.















































