ന്യൂഡൽഹി: ജഡ്ജിമാർ വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള വാളായി കോടതിയലക്ഷ്യ അധികാരത്തെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ജഡ്ജിമാരെ ‘ഡോഗ് മാഫിയ’ എന്നുവിളിച്ച് അധിക്ഷേപിച്ച സ്ത്രീക്ക് ഒരാഴ്ച തടവുശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
കോടതിയലക്ഷ്യം നടത്തിയവർ ആത്മാർഥമായി ഖേദിക്കുന്നുവെങ്കിൽ കോടതികൾ ദയകാട്ടണം. ജഡ്ജിമാർ വ്യക്തിപരമായ കവചംതീർക്കാനോ വിമർശനങ്ങളെ നിശ്ശബ്ദമാക്കാനോ കോടതിയലക്ഷ്യ അധികാരം ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു.
ജഡ്‌ജിമാർ ‘ഡോഗ് മാഫിയ’ ആണെന്ന് അധിക്ഷേപിച്ചതിന് കോടതിയലക്ഷ്യക്കേസിൽ മുംബൈയിലെ സ്ത്രീയെ ഹൈക്കോടതി ശിക്ഷിച്ചത് സുപ്രീംകോടതി റദ്ദാക്കി. അധിക്ഷേപം നടത്തിയതിൽ സ്ത്രീക്ക് കടുത്ത മനഃസ്താപമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് അവർക്ക് ബോംബെ ഹൈക്കോടതി വിധിച്ച ഒരാഴ്ചത്തെ തടവ് സുപ്രീംകോടതി റദ്ദാക്കിയത്.

















































