ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജയിക്കാൻ വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും ആളുകളെ മടിയന്മാരാക്കുന്നുവെന്ന് സുപ്രീംകോടതി. റേഷനും പണവും ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നത് കൊണ്ടുതന്നെ ആളുകൾക്ക് ജോലിക്ക് പോകാൻ താത്പര്യമില്ലാതെ ആകുന്നുണ്ടെന്നും സുപ്രീംകോടതി വിലയിരുത്തി. ജസ്റ്റിസുമാരായ ബിആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
വീടില്ലാതെ നഗരപ്രദേശങ്ങളിൽ കഴിയുന്ന ആളുകൾക്ക് അഭയം നൽകുന്നത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ ഈ പരാമർശം. സൗജന്യങ്ങൾ നൽകി ആളുകളെ മടിയന്മാരാക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഒരു ജോലിയും ചെയ്യാതെ പണം കൈകളിൽ എത്തുകയും സൗജന്യ റേഷൻ നൽകുകയും ചെയ്യുന്നതിലൂടെ ജനങ്ങളെ കൂടുതൽ മടിയന്മാരാക്കുകയാണ് ചെയ്യുന്നതെന്നാണ് ജസ്റ്റിസ് ഗവായി പറഞ്ഞത്.
നഗരപ്രദേശങ്ങളിൽ താമസിക്കുന്ന ഭവനരഹിതർക്ക് പാർപ്പിടം നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ നീക്കങ്ങൾ കേന്ദ്ര സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്നാണ് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയെ അറിയിച്ചത്. എന്നാൽ, നഗര ദാരിദ്ര്യ നിർമാർജന ദൗത്യം എത്ര സമയത്തിനകം നടപ്പാക്കാനാകുമെന്ന് കേന്ദ്ര സർക്കാരിനോട് ചോദിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് ആറ് ആഴ്ച കഴിഞ്ഞ പരിഗണിക്കുന്നതിനായി മാറ്റി.