ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് മുന്നിൽ റൺമല തീർത്ത് പഞ്ചാബ് കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റൺസാണ് അടിച്ചെടുത്തത്. ശ്രേയസ് അയ്യർ (82) മുന്നിൽ നിന്ന് പടനയിച്ചപ്പോൾ പ്രഭ്സിംറാൻ സിങ് (42), പ്രിയൻഷ് ആര്യ (36), മാർക്കസ് സ്റ്റോയിണിസ് (34*) എന്നിവരെല്ലാം തങ്ങളുടെ റോൾ ഗംഭീരമാക്കി.
അതേസമയം കളത്തിലിറങ്ങിയ മുഹമദ് ഷമിക്ക് തൊട്ടതെല്ലാം പിഴച്ചു. നാലോവറിൽ ഷമി വിട്ടുകൊടുത്തത് 75 റൺസ്. ഇന്ത്യയുടെ സീനിയർ പേസറെ പഞ്ഞിക്കിട്ട മാർക്കസ് സ്റ്റോയിണിസ് വലിയ നാണക്കേടിലേക്കാണ് ഷമിയെ തള്ളിവിട്ടിരിക്കുന്നത്. ഹർഷൽ പട്ടേൽ 18-ാം ഓവറിൽ ഗ്ലെൻ മാക്സ് വെല്ലിനേയും ശ്രേയസ് അയ്യരേയും പുറത്താക്കി ഹൈദരാബാദിന് അൽപ്പം അശ്വാസം നൽകി. ഇത് മുതലാക്കി 19-ാം ഓവർ എറിയാനെത്തിയ പാറ്റ് കമ്മിൻസും ഭേദപ്പെട്ട പ്രകടനം നടത്തി. 19-ാം ഓവറിൽ എട്ട് റൺസാണ് കമ്മിൻസ് വിട്ടുകൊടുത്തത്. ഇതോടെ പഞ്ചാബിനെ 220 റൺസിനുള്ളിൽ ഒതുക്കാമെന്ന് ഹൈദരാബാദ് കണക്കുകൂട്ടി. എന്നാൽ പിന്നീട് കണ്ടത് മുഹമ്മദ് ഷമിയെ മാർക്കസ് സ്റ്റോയിണിസ് തല്ലി ഒതുക്കുന്നതാണ്.
അവസാന ഓവറിൽ 27 റൺസാണ് ഷമി വഴങ്ങിയത്. ആദ്യത്തെ രണ്ട് പന്തിൽ മൂന്ന് റൺസാണ് ഷമി വിട്ടുകൊടുത്തത്. പിന്നീടെറിഞ്ഞ നാല് പന്തിലും ഷമിയെ സ്റ്റോയിണിസ് സിക്സർ പറത്തുകയായിരുന്നു. സ്ലോ ബോളിനും വൈഡ് യോർക്കറിനും ശ്രമിക്കാത്ത ഷമി സ്റ്റംപിന് ആക്രമിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഈ ശ്രമങ്ങളെല്ലാം സിക്സറിലാണ് കലാശിച്ചത്. ഷമിയുടെ യോർക്കർ ശ്രമം ഫുൾട്ടോസിൽ കലാശിച്ചത് സ്റ്റോയിണിസിന് കാര്യങ്ങൾ എളുപ്പമാക്കി. ഇതോടെ 245 എന്ന കൂറ്റൻ സ്‌കോർ പഞ്ചാബ് പടുത്തുയർത്തി. പരിക്കിനെത്തുടർന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്ന ഷമി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയിട്ട് കുറച്ച് മാസങ്ങളെ ആയിട്ടുള്ളൂ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനൊപ്പം മിന്നിച്ച ഷമിയെ ടീമിലേക്ക് കൊണ്ടുവന്നപ്പോൾ ഹൈദരാബാദിന് പ്രതീക്ഷകളേറെയായിരുന്നു. എന്നാൽ സീനിയർ താരമായിട്ടും പിച്ചിനെ മനസിലാക്കാൻ ഷമിക്ക് സാധിക്കാതെ പോയി. അതിവേഗത്തിൽ പന്തെറിയാനാണ് ഷമി ശ്രമിച്ചത്. നാല് ഓവറിൽ 75 റൺസ് വിട്ടുകൊടുത്ത ഷമിക്ക് വിക്കറ്റൊന്നും നേടാനായില്ല.
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം രണ്ടാമത്തെ ബൗളിങ് പ്രകടനമാണിത്. 76 റൺസ് വഴങ്ങിയ ജോഫ്രാ ആർച്ചറാണ് ഈ റെക്കോഡിൽ തലപ്പത്ത്. ഒരു റൺസിനാണ് ഈ നാണക്കേടിൽ തലപ്പത്തെത്താതെ ഷമി രക്ഷപെട്ടത്. എന്നാൽ ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ ഏറ്റവും മോശം ബൗളിങ് പ്രകടനമെന്ന നാണക്കേട് ഷമിക്ക് സ്വന്തമാക്കേണ്ടി വന്നു. 73 റൺസ് വഴങ്ങിയ മോഹിത് ശർമയുടെ റെക്കോഡിനെയാണ് ഷമി മറികടന്നത്. ഇന്ത്യയുടെ സൂപ്പർ പേസർക്ക് തൊട്ടതെല്ലാം പിഴക്കുന്നതാണ് കണ്ടത്.