കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്നു പറയുന്നതിൽ യാതൊരു ന്യായീകരണവും യുക്തിയുമില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. യാതൊരു പരാതിയും ഇല്ലാതിരുന്നിട്ടുപോലും രാഹുലിനെ പാർട്ടിയിൽനിന്നു പുറത്താക്കിയെന്നും സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആക്ഷേപം പാർട്ടി ഗൗരവത്തിൽ കാണുന്നു. പരാതിക്കും കേസിനും കാത്തു നിൽക്കാതെ രാഹുൽ പാർട്ടി ഭാരവാഹിത്വം രാജിവച്ചു മാതൃക കാണിച്ചു. ഇതുവരെയും പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. കേസും റജിസ്റ്റർ ചെയ്തിട്ടില്ല. എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന ആവശ്യത്തിൽ ധാർമികതയില്ല. അങ്ങനെ ഒരു പാരമ്പര്യം കേരള രാഷ്ട്രീയത്തിലില്ല. എഫ്ഐആറും ചാർജ് ഷീറ്റും ഉണ്ടായിട്ടും പലരും രാജിവച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
കോൺഗ്രസ് പാർട്ടി സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും കാത്തുസൂക്ഷിക്കണമെന്ന് കരുതുന്നവരാണ്. അതിന്റെ ഭാഗമായാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. അതിനാൽ ഇനി രാഹുലിന് കോൺഗ്രസിന്റെ നിയമസഭാ കക്ഷി സ്ഥാനം ലഭിക്കില്ല. പാർട്ടിയിലെ മുതിർന്ന നേതാക്കൻമാർ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിത്. ഞങ്ങളെ ഉപദേശിക്കുന്നവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാം. കേരളവും കേന്ദ്രവും ഭരിക്കുന്ന പാർട്ടികൾക്ക് ഇക്കാര്യത്തിൽ യാതൊരു ധാർമികതയുമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം ഗുരുതര ലൈംഗിക ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പരക്കെ ആവശ്യമുയരുന്നതിനിടെയാണ് രാജി ആവശ്യം തള്ളുന്ന നിലപാട് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയത്. ഉപതിരഞ്ഞെടുപ്പ് ഭയന്നാണോ രാജി ആവശ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന ചോദ്യത്തിന് പീരുമേട് ഉപതിരഞ്ഞെടുപ്പ് വരാൻ സാധ്യതയുണ്ടല്ലോ എന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.