ന്യൂഡൽഹി ∙ ബഹിരാകാശനിലയത്തിൽനിന്നു തിരിച്ചെത്തിയ സുനിത വില്യംസിന് ഇഷ്ടഭക്ഷണമായ സമൂസകൊണ്ട് വിരുന്നൊരുക്കുമെന്ന് അവരുടെ കുടുംബാംഗങ്ങൾ. സുനിത ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് അവരുടെ സഹോദരന്റെ ഭാര്യ ഫാൽഗുനി അറിയിച്ചു.ഇന്ത്യൻ ഭക്ഷണത്തോടും സംസ്കാരത്തോടും ഇഷ്ടം പുലർത്തുന്നയാളാണു സുനിത വില്യംസ്. സമൂസയോടുള്ള അവരുടെ പ്രിയം വളരെ പ്രശസ്തമാണ്. ആദ്യ യാത്രയ്ക്കുശേഷം ബഹിരാകാശനിലയത്തിൽ താമസിക്കുന്നതിനിടെ പുതുവത്സരാഘോഷത്തിനു സുനിത വില്യംസിനു സമൂസകൾ എത്തിച്ചിരുന്നു.
രണ്ടാം യാത്രയിൽ സമൂസയുടെ പാക്കറ്റുകളുമായാണു സുനിത പോയത്. ആദ്യ യാത്രയ്ക്കു ശേഷം ഇന്ത്യ സന്ദർശിച്ചപ്പോൾ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീൽ സുനിതയ്ക്കു നൽകിയ വിരുന്നിൽ പ്രത്യേകമായി സമൂസ ഉൾപ്പെടുത്തി.ആദ്യ ബഹിരാകാശ യാത്ര നടത്തി തിരിച്ചുവന്നശേഷം സുനിത ആദ്യം കഴിച്ച ഭക്ഷണം ഒരു പീത്‌സ ആയിരുന്നു. തിരികെയെത്തിയ ശേഷം ഒരു പീത്‌സ കഴിക്കുകയാണ് തന്റെ ഉടനടിയുള്ള ആഗ്രഹമെന്ന് ഇത്തവണയും സുനിത പറഞ്ഞിട്ടുണ്ട്. നിലയത്തിലെ താമസത്തിനിടെ സുനിതയുടെ ശരീരം ശോഷിച്ചതും സുനിത ആവശ്യത്തിന് ആഹാരം കഴിക്കുന്നില്ലെന്ന അഭ്യൂഹവും വലിയ വിവാദത്തിനു വഴിവച്ചിരുന്നു.