യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ സാമൂവൽ ജെറോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച സാഹചര്യത്തിൽ വിശദീകരണവുമായി സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ നിയമസമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ.
കഴിഞ്ഞ ഡിസംബർ അവസാനം മുതൽ സാമുവേൽ ജെറോം നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ലയെന്നാണ് ഫേസ് ബുക്കിലൂടെ അഡ്വ. സുഭാഷ് ചന്ദ്രൻ അറിയിച്ചിരിക്കുന്നത്. ഇതുവരെ ഇക്കാര്യം വെളിപ്പെടുത്താതിരുന്നത് നിമിഷയുടെ മോചനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണെന്നും അഡ്വ. സുഭാഷ് ചന്ദ്രൻ പറയുന്നു.
സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയിയെന്നും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനമെന്നും കുറിപ്പിൽ പറയുന്നു.
കൂടാതെ നിമിഷയുടെ വധശിക്ഷ നീട്ടിവെച്ചതിൽ കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളിൽ പ്രതികരിക്കുകയും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ആയിരുന്നു ദീപ ജോസഫ്, കമ്മിറ്റി അംഗം ബാബു ജോൺ തുടങ്ങിയവരെ ആക്ഷൻ കൗൺസിലിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
അഡ്വ. സുഭാഷ് ചന്ദ്രൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ-
യെമനിൽ കൊല്ലപ്പെട്ട തലാൽ മെഹ്‌ദിയുടെ സഹോദരൻ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച തമിഴ്നാട് സ്വദേശി സാമൂവൽ ജെറോം 2024 ഡിസംബർ തൊട്ട് നിമിഷപ്രിയ ആക്ഷൻ കൗൺസിലിന്റെ ഭാഗമല്ല. രണ്ടാംഘട്ടത്തിൽ ആവശ്യപ്പെട്ട 20000 ഡോളർ ഡിസംബർ 27 ന് ആക്ഷൻ കൗൺസിൽ എംബസി മുഖേന ട്രാൻസ്ഫർ ചെയ്തു നൽകിയ ഉടനെ, ഡിസംബർ 28 ന് അദ്ദേഹം സ്വമേധയാ കൗൺസിലിന്റെ ഗ്രൂപ്പിവിട്ട് പുറത്തുപോയി ; നടന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ തിരക്കിയതാണ് പ്രകോപനം.
2025 ജൂലൈ 15 ന് നിമിഷയുടെ വധശിക്ഷ താൽക്കാലികമായി മരവിപ്പിച്ച കോടതി ഉത്തരവ് വ്യാജമാണെന്നും ചർച്ചകളിൽ ബഹു.കാന്തപുരത്തിനോ യെമനിലെ സുഫി പണ്ഡിതർക്കോ യാതൊരു പങ്കുമില്ലെന്ന് ജെറോമീനൊപ്പം ചാനലുകളിൽ പ്രതികരിക്കുകയും മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരെ പൊതുസമൂഹത്തിന് മുന്നിൽ അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ആയിരുന്നു ദീപ ജോസഫ്, കമ്മിറ്റി അംഗം ബാബു ജോൺ തുടങ്ങിയവരെ ആക്ഷൻ കൗൺസിലിൽ നിന്നും മാറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
വിവാദങ്ങൾ നിമിഷയുടെ മോചന ശ്രമങ്ങൾക്ക് തടസ്സമാകരുതെന്ന് കരുതിയാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി പങ്കുവെക്കാതിരുന്നത് ; ഇപ്പോൾ ഇവർക്കെതിരെ ആരോപണങ്ങൾ തലാലിന്റെ കുടുംബത്തിൽ നിന്നു തന്നെ ഉയരുന്നത്തോടെ ഇക്കാര്യത്തിലുള്ള നിലപാട് ആക്ഷൻ കൗൺസിൽ വ്യക്തമാക്കുകയാണ്.
കള്ളനാണയങ്ങളെ തിരിച്ചറിയുന്നതോടൊപ്പം, നിമിഷയുടെ മോചനത്തിന് ദോഷകരമാകുന്ന തരത്തിലുള്ള യാതൊരു പ്രതികരണങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഉൾപ്പടെ നമ്മളോരോരുത്തരുടെയും ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽആക്ഷൻ കൗൺസിൽ വിനീതമായി അഭ്യർത്ഥിക്കുന്നു. തുടർച്ചയായുണ്ടാകുന്ന ഓരോ വിവാദങ്ങളിലും തലാൽ മെഹ്‌ദിയുടെ കുടുംബത്തിനുണ്ടാകുന്ന മനോവിഷമങ്ങളിൽ ഞങ്ങൾ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു ; നിരുപാധികം മാപ്പ് പറയുന്നു.