മയ്യിൽ: തെരുവുനായ ആക്രമണത്തിനെതിരെ ബോധവൽക്കരണ നാടകം കളിക്കുന്നതിനിടെ സ്റ്റേജിൽ കയറി നടന്റെ കാലിനു കടിച്ച് തെരുവുനായ. കണ്ടക്കൈപ്പറമ്പിലെ നാടക പ്രവർത്തകനായ പി.രാധാകൃഷ്ണനാണ് (57) സ്റ്റേജിൽ കളിക്കുന്നതിനിടെ നായയുടെ കടിയേറ്റത്. ഇന്നലെ രാത്രി എട്ടോടെ കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാലയിലാണു സംഭവം. തെരുവുനായശല്യത്തിന് എതിരെയുള്ള ബോധവൽക്കരണ പരിപാടിയിൽ തന്റെ ഏകപാത്ര നാടകമായ ‘പേക്കാലം’ അവതരിപ്പിക്കുകയായിരുന്നു രാധാകൃഷ്ണൻ.
അതിൽ കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയാകുന്ന രംഗം അഭിനയിക്കുന്നതിനിടെ നായ കുരയ്ക്കുന്ന ശബ്ദം പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്നു. ഈ സമയത്താണ് നായയുടെ ആക്രമണമുണ്ടായത്. നാടകം തുടങ്ങി അൽപസമയത്തിനകം വേദിയുടെ പിന്നിൽനിന്ന് കയറിവന്ന നായ വലതുകാലിനു പിന്നിൽ കടിച്ചശേഷം സ്ഥലംവിടുകയായിരുന്നു.
അതേസമയം നായ വേദിയിൽ കയറിയതും ഇറങ്ങിയതും കാണികൾ കണ്ടെങ്കിലും നാടകത്തിന്റെ ഭാഗമാണെന്നു കരുതി. പത്തു മിനിറ്റോളം വേദന സഹിച്ച് നാടകം പൂർത്തിയാക്കിയ ശേഷമാണ് രാധാകൃഷ്ണൻ സംഘാടകരെ വിവരമറിയിച്ചത്. തുടർന്ന് പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.