തെഹ്റാ: ഇറാനിലെ പരമോന്നത നേതാവിന്റെ ഒരു സഹായിയുടെ മകൾ ഇറക്കമുള്ള, സ്ട്രാപ്ലെസ് വിവാഹ വസ്ത്രം ധരിച്ചുകൊണ്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തെഹ്റാനിൽ രോഷം ആളിക്കത്തുന്നു. സ്ത്രീകൾക്ക് കർശനമായ ഹിജാബ് നിയമങ്ങൾ നിലവിലുള്ള ഒരു രാജ്യത്ത് പാശ്ചാത്യ ശൈലിയിലുള്ള ആഢംബര വിവാഹ ചടങ്ങ് വലിയ ആരോപണങ്ങളാണ് ഉയർത്തുന്നത്. വൈറൽ ആയ വീഡിയോയിൽ, പരമോന്നത നേതാവിന്റെ 70-കാരനായ മുതിർന്ന ഉപദേഷ്ടാവ് അലി ഷംഖാനി തന്റെ മകൾ ഫാത്തിമയെ വിവാഹ ഹാളിലേക്ക് കൈപിടിച്ച് നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. കഴിഞ്ഞ വർഷം തെഹ്റാനിലെ ആഢംബര ഹോട്ടലായ എസ്പിനാസ് പാലസ് ഹോട്ടലിൽ വെച്ചാണ് വിവാഹം നടന്നത്.
ഇതിൽ താഴ്ന്ന കഴുത്തിറക്കമുള്ള, മാറ് കാണുന്ന രീതിയിൽ സ്ട്രാപ്ലെസ് വെള്ള ഗൗൺ ധരിച്ചാണ് വധു ആഘോഷകരമായ ആരവങ്ങൾക്കും സംഗീതത്തിനും ഇടയിൽ ചടങ്ങ് ഹാളിലേക്ക് പ്രവേശിക്കുന്നത്. കൂടാതെ ചടങ്ങിൽ പങ്കെടുത്ത നിരവധി സ്ത്രീകൾ തല മറയ്ക്കാതെയാണ് കാണപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഈ ‘ഇരട്ട ജീവിതത്തെ’ ഇറാനിയൻ ആക്ടിവിസ്റ്റുകളും സോഷ്യൽ മീഡിയ ഉപയോക്താക്കളും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. ഇറാന്റെ കർശനമായ ഹിജാബ്, പൊതു ധാർമ്മികതാ നയങ്ങൾ നടപ്പിലാക്കുന്നതിൽ പ്രധാനിയായി അറിയപ്പെടുന്നയാളാണ്, ഇറാനിലെ അലി ഖമേനിയുടെ ദീർഘകാല സഖ്യകക്ഷിയും സൈനിക കമാൻഡറുമായ ഷംഖാനി.
കൂടാതെ ഭരണകൂടത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഉത്തരവാദിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറിയായി അദ്ദേഹം 2013 മുതൽ 2023 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022-ൽ മഹ്സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതിന് പിന്നിൽ ഇദ്ദേഹം ആയിരുന്നു.
അന്നു ഹിജാബ് നിയമങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് തെഹ്റാനിൽ വെച്ച് കുടുംബത്തോടൊപ്പം ആയിരിക്കുമ്പോൾ അറസ്റ്റിലായ 22-കാരിയായ മഹ്സ അമിനി പോലീസ് കസ്റ്റഡിയിൽ വെച്ചാണ് മരണപ്പെട്ടത്. ഇതു മാസങ്ങളോളം നീണ്ടുനിന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയിരുന്നു. തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ നൂറുകണക്കിന് പ്രതിഷേധക്കാരും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നതനുസരിച്ച് 68 കുട്ടികൾ ഉൾപ്പെടെ 500-ലധികം ആളുകൾ അന്നത്തെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടു.
അതേപോലെ രാജ്യം സാമ്പത്തികമായി കഷ്ടപ്പെടുകയും ഉപരോധങ്ങളുടെ ഒരു തരംഗം നേരിടുകയും ചെയ്യുന്നതിനിടെയുള്ള ഈ ആഢംബര ആഘോഷത്തിനെതിരെ നിരവധി ആക്ടിവിസ്റ്റുകളും ആഞ്ഞടിച്ചു. 2022-ലെ കണക്കുകൾ പ്രകാരം ഇറാനിലെ ജനസംഖ്യയുടെ പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. കൂടാതെ, 42.4% വാർഷിക പണപ്പെരുപ്പ നിരക്കും 9% തൊഴിലില്ലായ്മ നിരക്കും പൗരന്മാരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. കൂടാതെ വസ്ത്രധാരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 80,000 ധാർമിക പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നത്.