സമൂഹ മാധ്യമങ്ങളിൽ ഒരു ഡോക്ടർ പങ്കുവച്ച എക്സ്റേ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ലിത്തോപീഡിയൻ അഥവാ ‘സ്റ്റോൺ ബേബി’ എന്നറിയപ്പെടുന്ന അപൂർവ മെഡിക്കൽ അവസ്ഥ വെളിപ്പെടുത്തുന്ന ഒരു വിചിത്രമായ എക്സ്-റേ ചിത്രമായിരുന്നു അത്. ഡോ. സാം ഖാലി തൻറെ എക്സ് ഹാൻറിലിലൂടെയാണ് ചിത്രം പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ആ എക്സറേ ചിത്രം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. കണ്ടെവരെല്ലാം അമ്പരന്നു, ഒരു സ്ത്രീയയുടെ ശരീരത്തിൽ കല്ലുകൾ കൊണ്ട് ഒരു കുഞ്ഞ് !
‘ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ എക്സ്-റേകളിൽ ഒന്ന് ഇതാ’ എന്ന കുറിപ്പോടെയാണ് ഡോ സാം ഖാലി എക്സറെ ചിത്രം പങ്കുവച്ചത്. ‘എന്താണ് രോഗനിർണയം?’ പിന്നാലെ അദ്ദേഹം കുറിച്ചു. ആ എക്സ്റേ ചിത്രത്തിൽ ഒരു സ്ത്രീയുടെ ശരീരത്തിനുള്ളിൽ ഇടുപ്പിന് സമീപത്തായി കാൽസ്യം അടങ്ങിയ ഒരു ഗർഭസ്ഥശിശുവിൻറെ ചിത്രം കാണാം. അസാധാരണമായ ഈ ചിത്രം കണ്ട് ആളുകൾ ഇത് എഐയാണോയെന്ന് സംശയം പ്രകടിപ്പിച്ചു. ചിത്രത്തിന് താഴെ ഡോ സാം ഖാലി ആ ഗർഭസ്ഥശിശുവിൻറെ നിഗൂഢത വെളിവാക്കി.
‘ഉത്തരം: ലിത്തോപീഡിയൻ,’ അദ്ദേഹം എഴുതി. തുടർന്ന് അദ്ദേഹം ലിത്തോപീഡിയൻ അവസ്ഥ എന്താണെന്ന് മറ്റൊരു കുറിപ്പിൽ വിശദീകരിച്ചു. എക്ടോപിക് ഗർഭാവസ്ഥയുടെ വളരെ അപൂർവമായ ഒരു സങ്കീർണതയാണ് ലിത്തോപീഡിയൻ. ഗ്രീക്ക് പദങ്ങളായ ‘ലിത്തോസ്’ (കല്ല്), ‘പീഡിയൻ’ (കുട്ടി) എന്നിവയിൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞതെന്നും അതിനാലാണ് ഇത്തരം കുട്ടികളെ ‘കല്ല് കുട്ടി’ എന്നോ ‘കല്ല് കുഞ്ഞ്’ എന്നോ വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭാശയത്തിന് പുറത്തുള്ള ഒരു ഗർഭസ്ഥ ശിശു ആദ്യ മൂന്ന് മാസത്തിനപ്പുറം വികസിച്ച് കൊണ്ടിരിക്കുമ്പോഴും മരിക്കുമ്പോഴും ഇത്തരത്തിൽ സംഭവിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ‘അമ്മയുടെ രോഗപ്രതിരോധ സംവിധാനം ഇത്തരം കുട്ടികളെ പുറത്ത് നിന്നുള്ള ഒരു വസ്തുവായി കണക്കാക്കുകയും ഇതിനെ തുടർന്ന് ഗർഭാവസ്ഥയിൽ ഉണ്ടാകാൻ സാധ്യതയുള്ള അണുബാധ തടയുന്നതിനായി കാൽസ്യം ഉപയോഗിച്ച് അതിനെ സംരക്ഷിക്കുന്നു.
ഇത്തരത്തിൽ കൂടുതൽ കാൽസ്യം അടിയുന്നതിനാലാണ് അവയെ സ്റ്റോൺ ബേബി എന്ന് വിളിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത്തരം സംഭവങ്ങൾ സാധാരണയായി രോഗലക്ഷണങ്ങളില്ലാതെ തന്നെ വർഷങ്ങളോളം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അതല്ലെങ്കിൽ ശസ്ത്രക്രിയയ്ക്കിടെയോ മെഡിക്കൽ ഇമേജിംഗ് സമയത്തോ മാത്രം ഇവയെ കണ്ടെത്തുന്നു. ഡോക്ടർ സാമിൻറെ കുറിപ്പുകൾ എക്സിൽ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. നിരവധി പേർ കുറിപ്പുകളുമായെത്തി. ഒരുപാട് പേർ അമ്പരപ്പ് പ്രകടിപ്പിച്ചു. ചിലർ അവിശ്വസനീയം എന്നായിരുന്നു കുറിച്ചത്.