പാലക്കാട്: അഞ്ചു വയസ്സുള്ള കുട്ടിയെ പൊള്ളലേൽപ്പിച്ച രണ്ടാനമ്മ അറസ്റ്റിൽ. വാളയാർ പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. കഞ്ചിക്കോട് താമസമാക്കിയ നേപ്പാൾ സ്വദേശി നൂർ നാസറാണ് (35) അറസ്റ്റിലായത്. നൂർ നാസറിന്റെ ഭർത്താവ് മുഹമ്മദ് ഇംതിയാസ് ബിഹാറുകാരനാണ്. കുടുംബം അഞ്ചു മാസം മുൻപാണ് കഞ്ചിക്കോട് താമസമാക്കിയത്.
ജനുവരി രണ്ടിനായിരുന്നു കുട്ടിയെ പൊള്ളലേൽപ്പിച്ചത്. അങ്കണവാടിയിൽ പഠിക്കാനെത്തിയ കുട്ടി മൂത്രമൊഴിക്കാൻ പോയപ്പോൾ കുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് അധ്യാപിക വിവരം തിരക്കുകയായിരുന്നു. അമ്മ ചട്ടുകം ഗ്യാസ് അടുപ്പിൽവെച്ച് ചൂടാക്കി ശരീരത്തിൽ വെക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. അധ്യാപികയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വിവരം അറിയിച്ചത്.
തുടർന്ന് കുട്ടിയെ ആശുപത്രിയിലാക്കി. പോലീസ് സംഭവം അന്വേഷിച്ച് കേസടുക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ നൂർ നാസറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















































