തിരുവനന്തപുരം: 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന് അവസാനിക്കും. അതുപോലെ മേയ് 8ന് ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി ഒരുക്കുക.
അതേപോലെ 2026 ഫെബ്രുവരി 2 മുതൽ 13 വരെ ഐടി പരീക്ഷയും, ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷയും നടക്കും. മൂല്യനിർണയം ഏപ്രിൽ 7 മുതൽ 25 വരെ. ആകെ 4,75,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മാർച്ച് 6 മുതൽ 28 വരെയാണ് പ്ലസ്ടു പരീക്ഷ. ഉച്ചക്ക് 1.30ന് ആണ് പരീക്ഷകൾ നടക്കുക. മാർച്ച് 5 മുതൽ 27 വരെയാണ് പ്ലസ് വൺ പരീക്ഷ, രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. അതേസമയം വെള്ളിയാഴ്ചകളിൽ 9.15 ന് ആരംഭിക്കും. 2026 ഏപ്രിൽ 6ന് മൂല്യനിർണയം ആരംഭിച്ച്, മേയ് 22ന് ഫലം പ്രഖ്യാപിക്കും. 2000ഓളം പരീക്ഷ കേന്ദ്രങ്ങൾ ആണ് ഹയർസെക്കൻഡറിക്കായി ഒരുക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.














































