ചേർത്തല: ആലപ്പുഴ പള്ളിപ്പുറത്ത് അസ്ഥിക്കൂടം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. അസ്ഥികൂടം കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മ എന്ന വീട്ടമ്മയുടേതാണോ എന്ന സംശയത്തിലാണ് പോലീസ്. ഡിസംബർ 23 നാണ് ധ്യാനത്തിനു പോയ ജൈനമ്മയെ കാണാതായത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഫോൺ പള്ളിപ്പുറത്ത് വെച്ചാണ് അവസാനമായി ഓണായതെന്ന് കണ്ടെത്തിയിരുന്നു.
പിന്നീടു നടത്തിയ പരിശോധനയിലാണ് സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടുവളപ്പിൽ നിന്ന് അസ്ഥിക്കൂടം ലഭിച്ചത്. ഇയാൾ 2013ൽ ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാന കേസിൽ ആരോപണ വിധേയനാണ്. അതേസമയം ജൈനമ്മയുടേതാണോ അസ്ഥിക്കൂടം തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കായി സഹോദരന്റെ സാമ്പിളുകൾ ശേഖരിച്ചു.
കാണാതായ ജൈനമ്മ ധ്യാന കേന്ദ്രങ്ങളിൽ പോവാറുണ്ടായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളിൽ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ നാല് ദിവസമായിട്ടും കാണാത്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്.
തുടർന്നു പലരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റ്യനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യം പോലീസ് കണക്കിലെടുത്തിരുന്നു. ഡിഎൻഎ പരിശോധന വഴി ബിന്ദുവിന്റെയോ ജൈനമ്മയുടെയോ കേസിലെ നിർണായക വിവരം പുറത്ത് വരുമെന്നാണ് പോലീസ് കരുതുന്നത്.