ആലപ്പുഴ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിനു നേതൃത്വം നൽകിയ സിസ്റ്റർ അനുപമ സഭാവസ്ത്രം ഉപേക്ഷിച്ചു. ജലന്തർ രൂപതയുടെ കീഴിൽ കോട്ടയം കുറവിലങ്ങാട്ടു പ്രവർത്തിക്കുന്ന സന്യാസമഠത്തിൽ നിന്ന് ഒന്നര മാസം മുൻപാണ് അനുപമ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടിലെത്തിയത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് അനുപമയുടെ നേതൃത്വത്തിൽ കന്യാസ്ത്രീകൾ പരസ്യമായി സമരത്തിനിറങ്ങിയത്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ ഡോ. ഫ്രാങ്കോയെ കോട്ടയം ജില്ലാ കോടതി 2022 ജനുവരിയിൽ കുറ്റവിമുക്തനാക്കിയിരുന്നു.
എംഎസ്ഡബ്ല്യു ബിരുദധാരിയാണ് അനുപമ. നിലവിൽ വീടിനു സമീപത്തുള്ള പള്ളിപ്പുറം ഇൻഫോപാർക്കിലെ ഐടി സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നു ബന്ധുക്കൾ അറിയിച്ചു. അതേസമയം അനുപമയുടെ പ്രതികരണം ലഭ്യമായില്ല.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നത്. കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള പോലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണച്ചുമതല ഒഴിഞ്ഞിരുന്നു. പിന്നാലെ സഭാ ചുമതലകളിൽനിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തു. പിന്നീട് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം ജില്ലാ കോടതി വെറുതേ വിടുന്നു’ എന്ന ഒറ്റവരി വിധി പ്രസ്താവിക്കുകയായിരുന്നു.