വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അംഗീകരിച്ച അഭയാര്‍ത്ഥി അപേക്ഷകളും 19 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കിയ ഗ്രീന്‍ കാര്‍ഡുകളും വ്യാപകമായി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച് ഉത്തരവിട്ടതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വൈറ്റ് ഹൗസിനു സമീപം ഒരു അഫ്ഗാൻ പൗരൻ നടത്തിയ വെടിവെപ്പിൽ ഒരു നാഷണൽ സെക്യൂരിറ്റി ഗാർഡ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) സ്‌ക്രീനിംഗ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 19 രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡുകള്‍ പുനഃപരിശോധിക്കാന്‍ ട്രംപ് ഉത്തരവിട്ടത്.
കുടിയേറ്റ ആനുകൂല്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അപേക്ഷകന്റെ മാതൃരാജ്യത്തെ ഒരു പ്രധാന ഘടകമായി കണക്കാക്കാന്‍ പുതിയ നയം അനുവദിക്കുമെന്ന് USCIS ഡയറക്ടര്‍ ജോസഫ് എഡ്ലോ പറഞ്ഞു. ‘ഓരോ വിദേശ പൗരനെയും എല്ലാ തലത്തില്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് എന്റെ പ്രാഥമിക ഉത്തരവാദിത്തം. അമേരിക്കന്‍ പൗരന്മാരുടെ ജീവനായിരിക്കും പ്രഥമ പരിഗണന.’ എഡ്ലോ പറഞ്ഞു.
പൂര്‍ണ്ണമായോ ഭാഗികമായോ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജൂണില്‍ പുറത്തിറക്കിയ പ്രസിഡന്‍ഷ്യല്‍ പ്രഖ്യാപനത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 19 രാജ്യങ്ങളാണ് ഇവയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു: അഫ്ഗാനിസ്താന്‍, ബര്‍മ്മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍, ബറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനസ്വേല.
സുരക്ഷിതമായ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നതിനോ പശ്ചാത്തല പരിശോധനകളെ പിന്തുണയ്ക്കുന്നതിനോ അപേക്ഷകന്റെ രാജ്യത്തിന് കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കാന്‍ പുതുക്കിയ നയം നിര്‍ദ്ദേശം നല്‍കുന്നു. ഈ മാര്‍ഗ്ഗനിര്‍ദ്ദേശം ഉടനടി പ്രാബല്യത്തില്‍ വരും. 2025 നവംബര്‍ 27-നോ, അതിനുശേഷമോ ഫയല്‍ ചെയ്തതോ, നിലവിലുള്ളതോ ആയ എല്ലാ അപേക്ഷകള്‍ക്കും ഇത്ബാധകമാണ്.


















































