നെയ്യാറ്റിൻകര; ഒരു വയസ്സുകാരൻ ഇഹാനെ കൊലപ്പെടുത്തിയെന്ന കേസിൽ പിതാവ് ഷിജിലിന് എതിരെ ഗാർഹിക പീഡനക്കുറ്റം കൂടി ചുമത്തിയേക്കും. ഗാർഹിക പീഡനത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കും. റിമാൻഡിലുള്ള പിതാവ് കാഞ്ഞിരംകുളം ചാണി തവ്വാവിള ഷിജിൽ ഭവനിൽ ഷിജിലിനെ (34) കസ്റ്റഡിയിൽ വാങ്ങാൻ നാളെ കോടതിയിൽ അപേക്ഷ നൽകും.
സംശയത്തെ തുടർന്നാണ് ഇഹാനെ കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ നിഗമനം.
2024 ജനുവരി 8ന് ആണ് മാറനല്ലൂർ മുണ്ടുകോണം കുഴിവിള റോഡരികത്തു വീട്ടിൽ കൃഷ്ണപ്രിയയെ ഷിജിൽ വിവാഹം കഴിക്കുന്നത്. ഷിജിലിന്റെ കുടുംബം കടക്കെണിയിലായിരുന്നെങ്കിലും ഈ വിവരം മറച്ചുവച്ചാണ് വിവാഹം നടത്തിയതെന്ന് കൃഷ്ണപ്രിയയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ബാധ്യത അവസാനിപ്പിക്കാൻ കൃഷ്ണപ്രിയയുടെ പേരിലുള്ള 10 സെന്റ് ഭൂമി വിൽക്കാൻ ഷിജിൽ ശ്രമിച്ചിരുന്നു. മറ്റൊരു ഭൂമി വാങ്ങാൻ എന്നാണ് കൃഷ്ണപ്രിയയോട് പറഞ്ഞത്.
ഇതിൽ സംശയം തോന്നിയ കൃഷ്ണപ്രിയ ഭൂമി വിൽക്കാൻ സമ്മതിച്ചില്ലെന്നും ഇതോടെ ഷിജിലും ബന്ധുക്കളും ഉപദ്രവം തുടങ്ങിയെന്നും കൃഷ്ണപ്രിയ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. പൂവാർ പൊലീസിൽ ഇതുസംബന്ധിച്ച് മുൻപ് പരാതി നൽകിയിട്ടുണ്ട്.

















































