മുംബൈ: കായിക താരങ്ങളുടെ ഫിറ്റ്നസിനെക്കുറിച്ചു പൊതുവായ അഭിപ്രായമാണു പറഞ്ഞതെന്നും ആരെയും ‘ബോഡി ഷെയ്മിങ്’ ചെയ്തിട്ടില്ലെന്നും കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ‘‘കായിക താരങ്ങൾ എപ്പോഴും ഫിറ്റായിരിക്കണമെന്നാണു ഞാൻ വിശ്വസിക്കുന്നത്. രോഹിത് ശർമയ്ക്കു ഭാരം കുറച്ചു കൂടുതലാണെന്ന് എനിക്കു തോന്നി. അതാണു ട്വീറ്റ് ചെയ്തത്.’’– ഷമാ മുഹമ്മദ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു ഭാരം കൂടുതലാണെന്ന പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് ഷമ മുഹമ്മദ് വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
രോഹിത് ശർമയെ മാത്രമല്ല മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ എംഎസ് ധോണി, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, സച്ചിൻ തെൻഡുൽക്കർ, കപിൽ ദേവ്, വിരാട് കോലി എന്നിവരുമായി താരതമ്യം ചെയ്തതിനെയും ഷമ മുഹമ്മദ് ന്യായീകരിച്ചു. ‘‘അതു പറയാനുള്ള അവകാശം എനിക്കുണ്ട്. ഇതൊരു ജനാധിപത്യ രാജ്യമാണ്. അങ്ങനെ പറഞ്ഞതിൽ എന്താണു തെറ്റ്?. ഇന്ത്യ- പാക്കിസ്ഥാനോടു തോറ്റപ്പോൾ മുഹമ്മദ് ഷമിക്കെതിരെ വൻ വിമർശനങ്ങൾ ഉയർന്ന സമയത്തു വിരാട് കോലി അദ്ദേഹത്തെ പിന്തുണച്ചിരുന്നു. അതിന്റെ പേരിൽ കോലി നേരിടേണ്ടിവന്ന ആക്രമണങ്ങൾ മറക്കാനാകില്ല.’’
‘‘ഒരു നല്ല ക്യാപ്റ്റൻ മുന്നിൽനിന്നു നയിക്കുന്ന ആളായിരിക്കണം. റൺസ് സ്കോർ ചെയ്യണം. എതിരാളികളുടെ പ്രകടനവും അംഗീകരിക്കാൻ തയാറാകണം.’’– ഷമ മുഹമ്മദ് വാർത്താ ഏജൻസിയായ എഎൻഐയോടു വെളിപ്പെടുത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ ഷമ മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റുകൾ നീക്കിയിരുന്നു. ഷമയുടെ വാക്കുകൾക്കെതിരെ കോൺഗ്രസ് പാർട്ടി തന്നെ നിലപാടെടുക്കുകയും ചെയ്തു.