താമരശ്ശേരി: തന്റെ മകന്റെ വിയോഗത്തിൽ തകർന്നുപോയപ്പോൾ ചേർത്തുനിർത്തിയ കരങ്ങളിലേക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ചേർത്തുവെച്ച് പിതാവ്. താമരശ്ശേരിയിൽ സഹപാഠികളുടെ അക്രമണത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാലാണ് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളിക്ക് കെട്ടിവെക്കാനുള്ള പണം നൽകിയത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്തല ഡിവിഷനിൽ നിന്നുള്ള യുഡിഎഫ് സ്ഥാനാർഥിയാണ് മിവ.
താനും കുടുംബവും മാനസികമായി തളർന്നുനിന്ന സമയത്ത് എറണാകുളത്തുനിന്നും താമരശ്ശേരിയിലെത്തി കൂടെ നിന്ന് ആശ്വസിപ്പിച്ച മിവ ജോളി, കുടുംബാംഗം തന്നെയെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പറഞ്ഞു. വീട്ടിൽ വന്നപ്പോൾ എന്തുസഹായവും ചെയ്തുതരാമെന്ന് ഉറപ്പ് നൽകിയ മിവ, താൻ കേസുമായി ഹൈക്കോടതിയിൽ എത്തിയപ്പോൾ എല്ലാത്തിനും കൂടെയുണ്ടായിരുന്നുവെന്നും പാവങ്ങൾക്കൊപ്പം മിവ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നതായും ഇഖ്ബാൽ പറഞ്ഞു.
അതേസമയം സ്ഥാനാർഥിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ കെട്ടിവെക്കാനുള്ള പണം നൽകാമെന്നുപറഞ്ഞ് ഇഖ്ബാൽ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് മിവയും പറഞ്ഞു. അതിൽ സന്തോഷമുണ്ടെന്നും ജീവിതാവസാനം വരെ ഷഹബാസിന്റെ കുടുംബത്തിലെ ഒരംഗമായി അവർക്കൊപ്പം നിൽക്കുമെന്നും മിവ പറയുന്നു. 2023 ൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ മിവ ജോളിയെ പോലീസ് ബലം പ്രയോഗിച്ച് പിടികൂടിയത് വിവാദമായിരുന്നു. മിവയെ കോളറിൽ പൊക്കിയെടുത്ത പോലീസിന്റെ നടപടി അന്നു വിവാദമായിരുന്നു. അന്ന് കെഎസ്‌യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു മിവ.

















































