തിരുവനന്തപുരം: തനിക്കെതിരായി കഴിഞ്ഞ കുറച്ചുനാളുകളായി ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചതായി റിപ്പോർട്ട്. എന്നാൽ ആരോപണങ്ങളിൽ പൊതുമധ്യത്തിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നാണ് നേതാക്കൾ പറയുന്നത്.
അതേസമയം പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കാനായി സ്പീക്കർക്കു കോൺഗ്രസ് കത്ത് കൊടുക്കുന്നതോടെ രാഹുൽ ‘സ്വതന്ത്ര’ അംഗമായി നിയമസഭയിൽ മാറും. സഭ ചേരുന്ന അവസരങ്ങളിൽ ഒരു മിനിറ്റിൽ കൂടുതൽ പ്രസംഗിക്കാൻ അവസരവും ലഭിക്കില്ല. കൂടാതെ നിലവിലുള്ള സീറ്റും മാറിയേക്കാം. നിയമസഭാ സമിതികളിൽനിന്നു നീക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കുമ്പോൾ കോൺഗ്രസിന്റെ വിപ്പ് രാഹുലിന് ബാധകമാകില്ല. സഭയിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ കാര്യത്തിൽ നിയമോപദേശം തേടും. കൂടുതൽ ശബ്ദരേഖകളും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്തുനിന്നു രാജിവയ്പ്പിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതു വേണ്ടെന്നുവയ്ക്കുകയായിരുന്നു.
അതേസമയം രാഹുലിനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് ഇന്നലെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. പാർലമെൻററി പാർട്ടിയിലും അംഗത്വമുണ്ടാകില്ല. എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഎമ്മും ബിജെപിയും.