കൊച്ചി: കോന്തുരുത്തിയിൽ ചാക്കിൽക്കെട്ടിയ നിലയിൽ അർദ്ധ നഗ്നയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കസ്റ്റഡിയിലെടുത്ത ജോർജ് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടത് ലൈംഗികത്തൊഴിലാളിയാണെന്നും ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു.
ശനിയാഴ്ച രാവിലെയാണ് ജോർജിന്റെ വീടിന് മുന്നിലെ വഴിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിലായി മദ്യലഹരിയിൽ ജോർജും ഇരിക്കുന്നുണ്ടായിരുന്നു. തുടർന്ന് പോലീസെത്തി ജോർജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൽ ചുരുളഴിഞ്ഞത്.
അതേസമയം വെള്ളിയാഴ്ച രാത്രിയാണ് ജോർജ് ലൈംഗികത്തൊഴിലാളിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു. ഇതിനുശേഷം ഇരുവരും തമ്മിൽ പണത്തെച്ചൊല്ലി തർക്കമുണ്ടായി. തുടർന്ന് ചുറ്റിക കൊണ്ട് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ജോർജിന്റെ മൊഴിയെന്നും പോലീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം പുറംലോകമറിയുന്നത്. രാവിലെ ജോർജ് ചാക്ക് അന്വേഷിച്ചുനടന്നിരുന്നതായി സമീപവാസികൾ പറഞ്ഞു. വീട്ടുവളപ്പിൽ ഒരു പട്ടി ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് സമീപവാസികളോട് ഇയാൾ ചാക്ക് തിരക്കിയത്. എന്നാൽ, ഇയാൾ മദ്യലഹരിയിലായിരുന്നതിനാൽ പലരും ഇയാളെ പറഞ്ഞുവിട്ടു. തുടർന്ന് സമീപത്തെ ഒരു കടയിൽനിന്നാണ് ജോർജ് ചാക്കുകൾ സംഘടിപ്പിച്ചത്. ഇതിനു പിന്നാലെയാണ് ജോർജിന്റെ വീട്ടിലേക്കുള്ള ഇടവഴിയിൽ ചാക്കിൽകെട്ടിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി മദ്യലഹരിയിലുള്ള ജോർജും ഇരിക്കുന്നുണ്ടായിരുന്നു.
ഹരിത കർമസേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വാർഡ് കൗൺസിലറെ വിവരമറിയിച്ചു. തുടർന്ന് പോലീസും സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നാണ് വാർഡ് കൗൺസിലറും നാട്ടുകാരും പറയുന്നത്. മൃതദേഹത്തിൽ പരിക്കുണ്ടായിരുന്നതായും അർധനഗ്‌നയായ നിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാർ പറഞ്ഞു.
ചാക്കിൽ കെട്ടിയ മൃതദേഹത്തിന് സമീപം തലയിൽ കൈവെച്ച് ഇരിക്കുന്ന ജോർജിനെയാണ് സ്ഥലത്തെത്തിയവർ ആദ്യം കണ്ടത്. ഇയാൾ ഒന്നും സംസാരിച്ചിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. ജോർജ് ഹോം നഴ്സായി ജോലി ചെയ്തിരുന്നയാളാണ്. ഇയാൾക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. മകൻ യുകെയിലാണ്. മകൾ പാലായിലാണ്. ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നും സമീപവാസികൾ പറഞ്ഞു. മദ്യപിക്കുന്നയാളാണെങ്കിലും ഇതുവരെ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ലെന്നും ശല്യക്കാരനല്ലെന്നും സമീപവാസികൾ കൂട്ടിച്ചേർത്തു.

















































