ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ കാണാതായ നാലു സ്ത്രീകളുടേയും തിരോധാനത്തിൽ ദുരൂഹത നീക്കാൻ തീരുമാനിച്ച് പോലീസ്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ തിരോധാന കേസിൽ അറസ്റ്റിലായ സെബാസ്റ്റ്യന്റെ പിന്നാലെ തന്നെ പോയാൽ മറ്റു സ്ത്രീകളുടെ തിരോധാനത്തിലും വ്യക്തതവരുത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്,
ചേർത്തല സ്വദേശി സിന്ധു ഉൾപ്പടെ 16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകൾ പോലീസ് വീണ്ടും ചികഞ്ഞെടുത്ത് പരിശോധിക്കും. അസ്ഥികൂടം കണ്ടെത്തിയ പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ ഇന്നും പരിശോധന നടത്തും. 2006 നും 2025 നും ഇടയിൽ കാണാതായ നാല്പതിനും 50നും ഇടയിൽ പ്രായമുള്ള 4 സ്ത്രീകൾ. ഇവരിൽ മൂന്നുപേരുടെ തിരോധാനം നേരിട്ട് വിരൽ ചൂണ്ടുന്നത് സെബാസ്റ്റ്യനെന്ന 68 കാരനിലേക്ക്. 2006 ൽ കാണാതായ ബിന്ദു പത്മനാഭൻ, 2012 ൽ കാണാതായ ഐഷ, 2020 ൽ കാണാതായ സിന്ധു, 2024 ഡിസംബറിൽ കാണാതായ ജൈനമ്മ, ഈ നാല് സ്ത്രീകൾക്കും പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല.
എന്നാൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ ലഭിച്ചതോടെ ജൈനമ്മയുടെ കേസ് കൊലപാതകമെന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുൻപ് 2020 ഒക്ടോബർ 19 ന്ന് വൈകീട്ട് അമ്പലത്തിൽ പോയതാണ് തിരുവിഴ സ്വദേശി സിന്ധു. പിന്നീട് സിന്ധുവിനെ ആരും കണ്ടിട്ടില്ല.
പിന്നീടു അർത്തുങ്കൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും സിന്ധുവിന് എന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ല. ഈ കേസിനു സെബാസ്റ്റുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നും കണ്ടെത്തിയിട്ടില്ല. പക്ഷം ഈ കേസ് ഉൾപ്പെടെ ചേർത്തലയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുകയാണ് പോലീസ്.
സെബാസ്റ്റ്യൻ പ്രതിസ്ഥാനത്ത് നിൽക്കുന്ന ആദ്യ തിരോധാനം എന്ന് പോലീസ് കരുതുന്നത് 2006ൽ ബിന്ദു പത്മനാഭന്റേത് ആണ്. അവസാനത്തേത് 2024 ൽ ജൈനമ്മയുടേതും. ഇതിനിടയിലുള്ള കാലയളവിൽ അതായത് 2006 ന്നും 2025നും ഇടയിലുള്ള തിരോധാന കേസുകളാണ് അന്വേഷിക്കുന്നത്. സെബാസ്റ്റ്യൻ ഒരു സീരിയൽ കില്ലറാണോ, ഇയാൾ കൂടുതൽ പേരെ അപായപ്പെടുത്തിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
അതേസമയം ചതുപ്പുകൾ നിറഞ്ഞതും കാടുകയറിയതുമായ രണ്ടേക്കറിലധികം വരുന്ന പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട് ദുരൂഹതകൾ നിറഞ്ഞതാണ്. ചെറുതും വലുതുമായ നിരവധി കുളങ്ങൾ. തൊട്ടടുത്ത് വീടുകളില്ല. നിലവിൽ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് ലഭിച്ച അസ്ഥി കൂടാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന ഫലം രണ്ടാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൈനമ്മയുടേത് കൊലപാതകം എന്ന തരത്തിലാണ് അന്വേഷണം. അസ്ഥി കൂടാവശിഷ്ടങ്ങൾ ജൈനമ്മയുടേത് അല്ലെങ്കിൽ ഐഷയുടെതോ ബിന്ദു പത്മനാഭന്റേതോ ആകാനാണ് സാധ്യതെന്നും പോലീസ് വിലയിരുത്തൽ.