ഫരീദാബാദ്: തന്റെ പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ പതിനാലുകാരനായ മകൻ തീകൊളുത്തി കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പിതാവ് തൽക്ഷണം മരിച്ചു. അജയ് നഗർ പാർട്ട് 2ൽ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് അലീം (55) ആണ് മരിച്ചത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ വീടിന് മുകൾ നിലയിൽ നിന്ന് അലീമിന്റെ നിലവിളി കേട്ട് വീട്ടുടമസ്ഥൻ റിയാസുദ്ദീൻ മുകളിലെത്തി നോക്കുമ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അയൽക്കാരന്റെ സഹായത്തോടെ റിയാസുദ്ദീൻ ടെറസിൽ കയറിയപ്പോഴാണ് മുറിക്ക് തീപിടിച്ചതായി കാണുന്നത്. റിയാസുദ്ദീനും അയൽവാസിയും ചേർന്ന് വാതിൽ ചവിട്ടിത്തുറന്ന് നോക്കുമ്പോൾ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ അലീമിനെ കാണുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്തന്നെ അലീം മരിച്ചു.
ഈ സമയം പതിനാലുകാരൻ ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പോക്കറ്റിൽ നിന്ന് പണം മോഷ്ടിച്ചതിന് പിതാവ് വഴക്കു പറഞ്ഞതായി പതിനാലുകാരൻ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. ഇതിൻ്റെ ദേഷ്യത്തിൽ തീകൊളുത്തുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. കുട്ടിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് അലീമും കുടുംബവും ഫരീദാബാദിൽ എത്തിയത്. തുടർന്ന് റിയാസുദ്ദീന്റെ വീടിന് മുകളിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. അലീമിന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. അലീമിന് മറ്റ് നാല് മക്കൾ കൂടിയുണ്ട്. വിവാഹിതരായ ഇവർ മറ്റിടങ്ങളിലാണ് താമസിക്കുന്നത്. പിതാവും 14 കാരനും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്.