കാഠ്മണ്ഡു: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി വിദ്യാര്‍ഥിയുടെ പഴയ പ്രസംഗം. നേപ്പാളിലെ യുവാക്കള്‍ നേരിടുന്ന പ്രതിസന്ധികളെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് ഓറ (അബിസ്കർ റൗത്ത്) എന്ന് പേരുള്ള സ്‌കൂള്‍ വിദ്യാര്‍ഥി മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗമാണ് വന്‍ തോതില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹോളി ബെല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷിക ചടങ്ങില്‍ ആണ് വിദ്യാര്‍ഥി പ്രസംഗിച്ചത് എന്നാണ് സോഷ്യല്‍ മീഡിയ അവകാശപ്പെടുന്നത്.രാഷ്ട്രീയ പാര്‍ട്ടികളുടെ കെടുകാര്യസ്ഥതയും അഴിമതിയും രാജ്യത്തെ ദുരിതകയത്തിലേക്ക് തള്ളിവിടുകയാണ് എന്ന് ആരോപിക്കുന്ന പ്രസംഗം 2025 മാര്‍ച്ചിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ വിഡിയോ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ മുന്നറിയിപ്പ്, ജെന്‍ സി പ്രക്ഷോഭകര്‍ക്കിടയിലും വൈറല്‍ പ്രാസംഗികന്‍ സജീവമായി നിലകൊള്ളുന്നുണ്ടെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. തെരുവിന്‍ പ്രസംഗിക്കുന്ന ഓറയുടെ ദൃശ്യങ്ങളാണ് പഴയ വൈറല്‍ വീഡിയോയ്ക്ക് ഒപ്പം തന്നെ പ്രചരിക്കുന്നത്.അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ നമ്മള്‍ തീയായി മാറണമെന്നും പുതിയ നേപ്പാള്‍ പടുത്തുയര്‍ത്തണം എന്നതാണ് തന്റെ സ്വപ്‌നം എന്നുമാണ് വിദ്യാര്‍ഥി മാസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെടുന്നത്.
‘ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഒരു പുതിയ നേപ്പാള്‍ കെട്ടിപ്പടുക്കുക എന്ന സ്വപ്നവുമായാണ്. വരാനിരിക്കുന്നത് സാമ്രാജ്യത്തിന്റെ ദിനങ്ങളാണ്. അതിനെതിരെ പ്രതികരിക്കേണ്ടതുണ്ട്. നേപ്പാള്‍ നമ്മുടെ അമ്മയാണ്, നമ്മെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്ത രാജ്യം. അഴിമതി നമ്മുടെ ഭാവിയെ ഇല്ലാതാക്കുന്നു. നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ ആരാണ് പ്രതികരിക്കുക.. അനീതിയെ തുടച്ചുനീക്കുന്ന കൊടുങ്കാറ്റായി നമ്മള്‍ മാറണം’- എന്നും പ്രസംഗിക്കുന്ന വിദ്യാര്‍ഥിയാണ് വിഡിയോയില്‍ ഉള്ളത്.