തബൂക്ക്: സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നഴ്‌സുമാരായ രണ്ട് മലയാളികളടക്കം അഞ്ചുപേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വയനാട് അമ്പലവയൽ സ്വദേശി അഖിൽ അലക്‌സ്, നടവയൽ സ്വദേശിനി ടീന എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ഇരുവരുടേയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു അപകടം. അൽ ഉല സന്ദർശിച്ച് മടങ്ങുന്നതിനിടെ 150 കിലോമീറ്റർ അകലെവച്ചായിരുന്നു അപകടം. മരിച്ച ബാക്കി മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.
അഖിലും ടീനയും സഞ്ചരിച്ച വാഹനവും എതിർദിശയിൽ എത്തിയ സൗദി സ്വദേശികളുടെ ലാൻഡ് ക്രൂയിസറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണെന്നാണ് വിവരം. മദീനയിലെ കാർഡിയാക് സെന്ററിൽ നഴ്‌സായ ടീന വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. പ്രതിശ്രുത വരനായ അഖിൽ ലണ്ടനിൽ നിന്ന് സൗദിയിലെത്തിയതായിരുന്നു. അവിടെ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തം ഇവരെ തേടിയെത്തിയത്. മൃതദേഹങ്ങൾ അൽ ഉലയിലെ മുഹ്‌സിൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.