ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്ന് പ്രവർത്തിക്കാൻ യുഡിഎഫിൽ ധാരണ ഉണ്ടായതായി റിപ്പോർട്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ തമ്മിലുള്ള തമ്മിൽതല്ല് അവസാനിപ്പിക്കാൻ ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ചയിൽ തീരുമാനമായെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് 100 സീറ്റ് പിടിക്കുമെന്നു ഹൈക്കമാൻഡ് നേതാക്കളുമായുള്ള ചർച്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. എത്ര സീറ്റ് കിട്ടുമെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനായിരുന്നു വി.ഡി.സതീശന്റെ ഉത്തരം. മുഖ്യമന്ത്രിയാകാൻ താനില്ലെന്നും സതീശൻ ദേശീയ നേതാക്കളെ അറിയിച്ചു. അതെന്താണെന്നു സതീശനോട് രാഹുൽ ചോദിച്ചു. മുഖ്യമന്ത്രിയാകാൻ യോഗ്യരായ പലരും ഈ യോഗത്തിൽ തന്നെ ഇരിപ്പുണ്ടെന്നായിരുന്നു മറുപടി.
കോൺഗ്രസിന് ഒറ്റയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ പരമാവധി 65 എന്നും സതീശൻ പറഞ്ഞു. തൊണ്ണൂറിലധികം സീറ്റുകളിലാണു കോൺഗ്രസ് മത്സരിക്കുന്നത്. 21 സീറ്റുകൾ ഇപ്പോൾ തന്നെ കോൺഗ്രസിനുണ്ട്. സിറ്റിങ് സീറ്റുകൾക്കൊപ്പം അധികമായി 44 സീറ്റ് വരെ നേടാനാകുമെന്നും സതീശൻ കണക്കുനിരത്തി. സംസ്ഥാനത്ത് രാഷ്ട്രീയകാര്യ സമിതിയിൽ സതീശൻ അവതരിപ്പിച്ച് വിവാദമായ കണക്കുകളാണ് ദേശീയ നേതാക്കൾക്ക് മുന്നിലും അവതരിപ്പിച്ചത്.
എ,ബി,സി എന്നീ മൂന്നു ക്ലാസുകളായി നിയമസഭാ മണ്ഡലങ്ങളെ തിരിച്ചാണ് പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതെന്നും സതീശൻ യോഗത്തിൽ പറഞ്ഞു. സി ക്ലാസിനെ ബി ആക്കാനും ബിയെ എ ആക്കാനും പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അങ്ങനെ തരംതിരിവ് വേണ്ടെന്നും എല്ലാ മണ്ഡലങ്ങളിലും വിജയമെന്ന ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കണമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.
പാർട്ടി നയത്തിനെതിരെ ആരും സംസാരിക്കാൻ പാടില്ലെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നേതാക്കളോട് പറഞ്ഞു. പാർലമെന്റിനകത്തും പുറത്തും മോദിയുടെ ഫാഷിസത്തിനെതിരെ പോരാടണം. നരേന്ദ്ര മോദിയെയും പിണറായി വിജയനെയും പുകഴ്ത്തുന്നത് ആരായാലും ചെയ്യാൻ പാടില്ലാത്തതാണെന്നും ശശി തരൂരിന്റെ പേര് പരാമർശിക്കാതെ ഖർഗെ പറഞ്ഞു. ഇക്കാര്യം ഇനി ഉണ്ടായാൽ റിപ്പോർട്ട് ചെയ്യണമെന്നും ദീപാ ദാസ് മുൻഷിയോട് ഖർഗെ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കു വേണ്ടി പ്രത്യേക പ്രകടനപത്രിക ഇറക്കണമെന്നും ഇത് നേരത്തെയുണ്ടാകണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അങ്കണവാടി ജീവനക്കാർക്കും ആശാ വർക്കർമാർക്കും ഈ പ്രകടനപത്രികയിൽ മുൻതൂക്കം ഉണ്ടായിരിക്കണമെന്നും പ്രിയങ്ക നിർദേശിച്ചു. കഴിഞ്ഞ തവണ നിയമസഭ തിരഞ്ഞെടുപ്പിൽ സംഭവിച്ചത് ഇത്തവണ ഉണ്ടാകരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളോട് നീതി പുലർത്തണം. നിങ്ങൾ കോൺഗ്രസിലെ ഉന്നത നേതാക്കളാണ്. നിങ്ങൾ ഒരേ മനസ്സോടെ താഴെത്തട്ടിലുള്ളവരെ നയിച്ചാൽ യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും പിണറായി സർക്കാരിനെ താഴെയിറക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞത്. എല്ലാം സതീശൻ പറഞ്ഞതുപോലെയാണെന്നും കേരളം തിരിച്ചുപിടിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. പഴയ കാലത്തെ അപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ ഐക്യമുണ്ടെന്നും എന്നാൽ ജനം അതു വിശ്വസിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. നേതാക്കളുടെ മാധ്യമങ്ങളോടുള്ള സംസാരം വഴി സംസ്ഥാനത്തെ കോൺഗ്രസിൽ ഐക്യമില്ലെന്ന പൊതുവികാരമുണ്ട്. ഐക്യപ്പെട്ടാൽ പോരാ, ഐക്യമുണ്ടെന്ന് പുറത്തറിയിക്കണമെന്നും നേതാക്കൾ പറഞ്ഞു.
സ്ത്രീകൾക്ക് നിയമസഭയിൽ അർഹമായ പ്രാതിനിധ്യമുണ്ടാകണമെന്ന് ബിന്ദു കൃഷ്ണ, ജെബി മേത്തർ, ഷാനിമോൾ ഉസ്മാൻ എന്നിവർ ആവശ്യപ്പെട്ടു. എത്രമാത്രം പ്രാതിനിധ്യമാണ് ഉദ്ദേശിക്കുന്നതെന്ന് രാഹുൽ ചോദിച്ചു. 33 ശതമാനം സംവരണം സ്ഥാനാർഥി പട്ടികയിലുണ്ടാകണമെന്ന് വനിതാ നേതാക്കൾ പറഞ്ഞു.
Kerala Assembly Election: UDF leader V.D. Satheesan predicts a 100-seat win for the UDF in the upcoming Kerala Assembly elections, informing Rahul Gandhi of his lack of ambition for the Chief Minister’s post.
Kerala News Indian National Congress INC VD Satheesan Kerala Pradesh Congress Committee (KPCC) Rahul Gandhi