മുംബൈ: പിതാവിന്റെയും സഹോദരന്റേയും പാത പിൻതുടർന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ സാറ തെൻഡുൽക്കറും ക്രിക്കറ്റിലേക്ക് ചേക്കേറുന്നു. പക്ഷെ ഒരു വ്യത്യാസം പിതാവിന്റേയും സഹോദരൻേറയും അർജുന്റേയും പാത പിന്തുടർന്ന് ക്രിക്കറ്റ് താരമായിട്ടല്ല, ടീം ഉടമയായിട്ടാണ് സാറ തെൻഡുൽക്കർ കളത്തിലിറങ്ങുന്നത്. ഇ–സ്പോർട്സ് രംഗത്ത് പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഗ്ലോബൽ ഇ–ക്രിക്കറ്റ് പ്രിമിയർ ലീഗിൽ (ജിഇപിഎൽ) മുംബൈ ടീമിനെയാണ് സാറ തെൻഡുൽക്കർ സ്വന്തമാക്കിയത്. ആദ്യ സീസൺ വൻ വിജയമായതിനെ തുടർന്ന് രണ്ടാം സീസണിന് തയാറെടുക്കുകയാണ് ജിഇപിഎൽ.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ–ക്രിക്കറ്റ് ലീഗാണ് ഗ്ലോബൽ ഇ–ക്രിക്കറ്റ് പ്രിമിയർ ലീഗ്. ആദ്യ സീസൺ വൻ വിജയമായതോടെ വൻ വളർച്ചയാണ് ലീഗ് കൈവരിച്ചത്. ആദ്യ സീസണിൽ 2 ലക്ഷം പേരാണ് റജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ, രണ്ടാം സീസണിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 10 ലക്ഷത്തിന് അടുത്തെത്തി.
‘‘എന്റെ കുടുംബത്തിലെ ഒരു അവിഭാജ്യ ഘടകമാണ് ക്രിക്കറ്റ്. ഇ–സ്പോർട്സിന്റെ സാധ്യതകൾ തേടിയുള്ള ഈ യാത്ര വളരെ രസകരമായ അനുഭവമാണ്. ഗ്ലോബൽ ഇ–ക്രിക്കറ്റ് പ്രിമിയർ ലീഗിൽ മുംബൈ ടീമിനെ സ്വന്തമാക്കുകയെന്നത് എന്നെ സംബന്ധിച്ച് സ്വപ്നതുല്യമായ നേട്ടമാണ്. ക്രിക്കറ്റിനോടും മുംബൈ നഗരത്തോടുമുള്ള ഇഷ്ടം ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാൻ ഇതിലൂടെ സാധിക്കും. വിനോദ രംഗത്ത് വലിയ നേട്ടങ്ങൾ കൊയ്യാനാകുന്ന വിധത്തിൽ നല്ലൊരു ഇ–സ്പോർട്സ് ടീം കെട്ടിപ്പടുക്കാനാണ് ശ്രമം’ – സാറ തെൻഡുൽക്കർ പ്രതികരിച്ചു.