മനാമ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അഴിമതി കേസ് നീട്ടിവെക്കുന്ന വിധം കോടതിയെ സ്വാധീനിക്കാനാണ് ഇസ്രയേൽ ഖത്തർ തലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്തിയതെന്ന് വിദേശകാര്യ വിദഗ്ധൻ സജി മാർക്കോസ്. ടെൽ അവീവ് കോടതിയിൽ ഇന്ന് നെതന്യാഹുവിനെതിരായ ക്രിമിനൽ കേസിന്റെ ടെസ്റ്റിമണി ആരംഭിച്ചു. ഈ കേസിൽ നെതന്യാഹു ശിക്ഷിക്കപ്പെടും. രണ്ടു മുതൽ പത്തു കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസാണ്. അത് ഒഴിവാക്കാനാണ് ഇസ്രയേൽ നീക്കമെന്ന് സജി മാർക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഒരു സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരതയുടെ വർത്തമാനകാല ദുരിതമാണിതെന്നും സജി മാർക്കോസ് കുറിച്ചു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-
ടെൽ അവിവ് ജില്ലാ കോടതിയിൽ നെതന്യാഹുവിനെതിരെയുള്ള ക്രിമിനൽ കേസിന്റെ ടെസ്റ്റിമണി ആരംഭിച്ചു. പലവട്ടം നെതന്യാഹുവിന്റെ വക്കീൽ സുരക്ഷക്കാരണങ്ങൾ പറഞ്ഞു നീട്ടി വയ്പ്പിച്ച കേസ് ത്വരിതപ്പെടുത്തുന്നു എന്നും ആഴ്ചയിൽ നാല് ദിവസം കേസ് കേൾക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഖത്തറിൽ എന്നല്ല എവിടെ വേണമെങ്കിലും അയാൾ ബോംബ് ഇടും, ആരെയും ആക്രമിക്കും – ഒരേയൊരു ആവശ്യമേയുള്ളൂ – കേസ് നീട്ടിവയ്ക്കാൻ പറ്റുന്ന വിധം കോടതിയെ സ്വാധീനിക്കണം. അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ നേതന്യാഹു ഈ കേസിൽ ശിക്ഷിക്കപ്പെടും. രണ്ടു മുതൽ പത്തു കൊല്ലം വരെ തടവ് ശിക്ഷ കിട്ടാവുന്ന കേസാണ്. അത് ഒഴിവാക്കണം. അത്രയുമേ ഉളളൂ
ഒരു സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരതയുടെ വാർത്തമാനകാല ദുരിതങ്ങൾ.
അതേസമയം ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദോഹയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്.