കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവ് പുറത്ത്. തന്ത്രിക്കെതിരേ ഒര തെളിവുപോലും ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികമായ കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും ഇന്ന് പുറത്തുവന്ന ജാമ്യ ഉത്തരവിൽ പറയുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കേസിൽ പ്രധാനപ്രതിയാണ് കണ്ഠര് രാജീവര് എന്നും എസ്ഐടി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്നും എസ്ഐടി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഈ വാദം കൊല്ലം വിജിലൻസ് കോടതി തള്ളിക്കളഞ്ഞു.
ശബരിമല ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം മുഖ്യ പൂജാരിയാണ് തന്ത്രി. മുഖ്യപൂജാരിക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് എങ്ങനെയാണ് തെളിയിക്കാനാവുകയെന്നും കോടതി ചോദിച്ചു. 20.7.2019- ലേയും 18.05.2019-ലേയും മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന വാദത്തെ ദുർബലപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് കർശന ഉപാധികളോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകിയത്. കേരളത്തിന് പുറത്തുപോകരുത്, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, മാധ്യമങ്ങളോട് പ്രതികരണം നടത്തരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം, ആഴ്ചയിൽ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിൽ ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം. രാമൻപിള്ളയ്ക്കു പുറമേ സുജേഷ് മേനോനും തന്ത്രിക്കുവേണ്ടി ഹാജരായി.
ദ്വാരപാലകക്കേസ്, കട്ടിളപ്പാളിക്കേസ് എന്നിവയിൽ പ്രതിയായ തന്ത്രിയുടെ ജാമ്യാപേക്ഷയിൽ നേരത്തേ വാദം പൂർത്തിയായിരുന്നു. തന്ത്രിയുടെ അനുജ്ഞയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കോടതിയിൽ വാദിച്ചിരുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നും എസ്‌ഐടി വാദിച്ചിരുന്നു.


















































