തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സംശയ നിഴലിൽ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തും. 2025ലാണ് ദ്വാരപാലക ശില്പങ്ങളിൽ വീണ്ടും സ്വർണം പൊതിയാൻ നീക്കം നടന്നതെന്ന വാദം തെറ്റാണെന്നും, 2024ലാണ് ദ്വാരപാലക ശില്പങ്ങളിൽ വീണ്ടും സ്വർണം പൊതിയാൻ നീക്കം നടന്നതെന്നും അതിന് തിടുക്കം കൂട്ടിയെന്നും കണ്ടെത്തൽ. കോടതി അടക്കമുള്ള നിയമസംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് നടന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാത്രമല്ല പാളികൾ കൊണ്ടുപോയത് മിനിട്സിൽ ഇല്ലെന്നും നിരീക്ഷിച്ച കോടതി പിഎസ് പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചതായും വ്യക്തമാക്കി.
അതേസമയം എസ്.ഐ.ടി.യുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ഗുരുതര പരാമർശങ്ങൾ ഉയർന്നിരിക്കുന്നത്. 2024 സെപ്റ്റംബർ 3-ന് തിരുവാഭരണം കമ്മീഷണർ സെക്രട്ടറി ദേവസ്വം സെക്രട്ടറിക്ക് അയച്ച കത്തിൽ പാളികളിൽ വലിയ കേടുപാടുകൾ സംഭവിച്ചതായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും നിറം മങ്ങിയിട്ടുണ്ടെന്നും പ്ലേറ്റിങ് ഇളകിയതായും ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്ത് ലഭിച്ച ഉടൻ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് 2024 മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ്(നവംബറിന് മുമ്പ്) എത്രയും പെട്ടെന്ന് പാളികൾ നന്നാക്കി തിരിച്ചുകൊണ്ടുവരണം എന്ന് നിർദ്ദേശം നൽകി.
അന്നു ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു സ്പോൺസർ. 2024-ൽ മണ്ഡലപൂജയ്ക്ക് നട തുറക്കുന്നതിനു മുൻപേ ദ്വാരപാല പാളികൾ അറ്റകുറ്റപ്പണികൾക്കായി കൊടുത്തുവിടാനുള്ള എല്ലാ പേപ്പർ വർക്കുകളും ഉത്തരവുകളും പൂർത്തിയാക്കിയിരുന്നു. എന്നാൽ, ഇത്രയധികം ധൃതി കാണിച്ച് 2024-ൽ പാളികൾ കൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തിയില്ല. ഈ ധൃതി കെട്ടിച്ചമച്ച ഒന്നായിരുന്നു എന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ജുഡീഷ്യൽ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുകെട്ടാൻ വേണ്ടിയാണ് 2024-ൽ അത്തരമൊരു തിടുക്കം ദേവസ്വം ബോർഡ് കാണിച്ചത് എന്ന് കോടതി ഉത്തരവിൽ പറയുന്നു.
അതുപോലെ 2025-ൽ സ്പെഷ്യൽ കമ്മീഷണർ അറിയാതെ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടുകയായിരുന്നു. 2024 മുതൽ 2025 വരെ പിഎസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് നടത്തിയ നടപടികൾ അതീവ ദുരൂഹവും സൂക്ഷ്മമായ പരിശോധന അർഹിക്കുന്നതുമാണെന്നും കോടതി വ്യക്തമാക്കി. 2025 സെപ്റ്റംബർ 2-ന് പാളികൾ ‘സ്മാർട്ട് ക്രിയേഷൻസി’ൽ കൊണ്ടുപോകാൻ ബോർഡ് അനുമതി നൽകിയ വിവരങ്ങൾ മിനിറ്റ്സിൽ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ ശബരിമല ശ്രീകോവിൽ വാതിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തുകയും, വാതിലുകൾ ഉണ്ണികൃഷ്ണൻ പോറ്റി തട്ടിയെടുത്തു എന്ന സംശയം ഉയർത്തുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി അന്താരാഷ്ട്ര ക്രിമിനലായ സുഭാഷ് കപൂറിനെപ്പോലെ പുരാവസ്തു കള്ളക്കടത്തുകാരൻ്റെ രീതിയിലുള്ള ഇടപെടലാണോ ശബരിമലയിൽ നടത്തിയത് എന്ന് കോടതി ചോദിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ശ്രീകോവലിലുള്ള ഏത് ഉരുപ്പടിയുടെ അളവെടുക്കാനും അതിൻ്റെ പകർപ്പ് ഉണ്ടാക്കാനുമുള്ള സ്വാതന്ത്ര്യവും അയാൾക്ക് ലഭിച്ചു. അങ്ങനെ എടുക്കുന്ന പകർപ്പുകൾക്ക് അന്താരാഷ്ട്ര ടെംപിൾ ആർട്ട് മാർക്കറ്റിൽ എന്ത് മൂല്യമാണ് ഉള്ളതെന്നും, അത്തരം ഇടപാടുകൾ ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോ എന്നും ഹൈക്കോടതി ഗൗരവമായ സംശയം പ്രകടിപ്പിച്ചു. കൂടാതെ എസ്ഐടിയോട് വിശദമായ അന്വേഷണം നടത്താനും കോടതി നിർദ്ദേശിച്ചു.


















































