ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ മീനല്ലെന്ന കോടതിയുടെ കണ്ടെത്തൽ ശരിവയ്ക്കുന്ന വിധം കാര്യങ്ങൾ. ബെംഗളൂരുവിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തി. ഫ്ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകൾ എസ്ഐടി പിടിച്ചെടുത്തു.
ബെംഗളൂരുവിനു പുറമേ ചെന്നൈയിലെ സ്ഥാപനമായ സ്മാർട് ക്രിയേഷൻസിലും എസ്ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വർണപാളികളിലെ സ്വർണം വേർതിരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടിൽ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. ഇവിടെ നിന്നു ആഭരണങ്ങൾ കണ്ടെടുത്തിയിരുന്നു. കൂടാതെ നിരവധി നിക്ഷേപങ്ങളും പോറ്റി നടത്തി. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിൽ ഭൂമിയും കെട്ടിടവും വാങ്ങിയെന്നും പലിശ ഇടപാടുകൾ നടത്തിയെന്നും എസ്ഐടി കണ്ടെത്തി.
വിവിധ സംഘങ്ങളായി തിരിച്ചാണ് അന്വേഷണം ഇപ്പോൾ നടത്തുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപങ്ങളിൽ നിന്നു കവർന്നതെന്നു കരുതുന്ന 400 ഗ്രാം സ്വർണം കർണാടക ബെള്ളാരിയിലെ ജ്വല്ലറിയിൽനിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പിടിച്ചെടുത്തിരുന്നു. കൂടാതെ ഇയാളുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു 176 ഗ്രാം സ്വർണാഭരണങ്ങളും വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബെള്ളാരിയിലെ റൊഡ്ഡാം ജ്യുവൽസ് ഉടമ ഗോവർധനു സ്വർണം വിറ്റെന്ന പോറ്റിയുടെ മൊഴിയെ തുടർന്നു നടത്തിയ പരിശോധനയിലാണു 400 ഗ്രാം സ്വർണക്കട്ടികൾ കണ്ടെത്തിയത്. ഇതോടെ ജ്വല്ലറിയുടമയെ സാക്ഷിയാക്കാനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.

















































