കൊച്ചി: ശബരിമലയിൽനിന്ന് സ്വർണം മോഷ്ടിച്ച പ്രതികളെ സംരക്ഷിച്ച ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ രംഗത്ത്. ശബരിമലയിലേതു സ്വർണം കളവുപോയ വിഷയം മാത്രമല്ലിത്. ക്ഷേത്ര വിശ്വാസത്തേയും ആചാരത്തേയും ബാധിക്കുന്ന കാര്യം കൂടിയാണ്. അതിനെ കോൺഗ്രസ് അതീവ ഗൗരവമായി കാണുന്നതിനാൽ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാന പ്രകാരം ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് സണ്ണി ജോസഫ് അറിയിച്ചു. കൂടാതെ ഹൈക്കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
സ്വർണം ചെമ്പായതിനെ കുറിച്ച് ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്ക് അറിവുണ്ടായിരുന്നു. ഇക്കാര്യം അന്വേഷിച്ചില്ലെന്ന് മാത്രമല്ല സ്വർണം മോഷ്ടിച്ച വ്യക്തികളെ വീണ്ടും അതിന് നിയോഗിച്ചത് ഇപ്പോഴത്തെ ദേവസ്വം മന്ത്രിയാണ്. ഉദ്യോഗസ്ഥ തലത്തിൽ മാത്രം ഒതുങ്ങുന്ന തട്ടിപ്പല്ലിത്. അതുകൊണ്ടുതന്നെ അവരുടെ തലയിൽ കെട്ടിവച്ച് തടിതപ്പാൻ സർക്കാരിനു കഴിയില്ല. ശബരിമലയുടെ പവിത്രതയ്ക്കും പാരമ്പര്യത്തിനും വിശ്വാസത്തിനുമാണ് കളങ്കമുണ്ടായത്. മുഖ്യമന്ത്രിക്കും ഇതിൽ കൂട്ടുത്തരവാദിത്തമുണ്ട്. കോടതി വിധി ഒരിക്കലെങ്കിലും മുഖ്യമന്ത്രി വായിക്കണം. അപ്പോൾ ദേവസ്വം മന്ത്രിയെ ന്യായീകരിക്കാൻ കഴിയില്ല. നഷ്ടപ്പെട്ട സ്വർണ്ണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആശങ്ക ഹൈക്കോടതി തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതുപോലെ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണത്തിന് സർക്കാർ ആവശ്യപ്പെടണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലിനു സാധ്യതയുണ്ട്. എഡിജിപി അജിത് കുമാറിന്റെ കേസിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഓഫിസ് ഇടപെട്ടതിന്റെ മുൻകാല അനുഭവം നമ്മുടെ മുന്നിലുണ്ട്. കൂടാതെ, സ്വർണാപഹരണ കേസിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം കടക്കേണ്ടതുണ്ട്. അതിനാൽ ഹൈക്കോടതി നിരീക്ഷണത്തിലുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് വേണ്ടത്. കേന്ദ്ര അന്വേഷണ ഏജൻസികൾ കേന്ദ്രസർക്കാരിന്റെയും സംസ്ഥാന അന്വേഷണ ഏജൻസികൾ സംസ്ഥാന സർക്കാരിന്റെയും ഉപകരണം ആയതിനാലാണ് ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ തന്നെ അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ 9ന് പത്തനംതിട്ടയിൽ പ്രതിഷേധ സംഗമം നടത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. അന്ന് വൈകുന്നേരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്യോതി തെളിച്ച് പ്രകടനം നടത്തും. അതിന്റെ തുടർച്ചയായി നാലു കേന്ദ്രങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ നയിക്കുന്ന ജാഥകൾ സംഘടിപ്പിക്കും. ഈ മാസം പതിനാലിന് ആരംഭിക്കുന്ന ജാഥകൾ 18ന് പന്തളത്ത് സമാപിക്കും.
കാസർകോട് നിന്നുള്ള ജാഥയ്ക്ക് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരനും പാലക്കാട് നിന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എംപിയും തിരുവനന്തപുരത്ത് നിന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും മൂവാറ്റുപുഴയിൽ നിന്ന് ബെന്നി ബെഹനാൻ എംപിയും ജാഥകൾക്ക് നേതൃത്വം നൽകും.