മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ആഡംബരക്കാറിനു തീപിടിച്ചതായി റിപ്പോര്‍ട്ട്. കാറിനു തീപിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മോസ്‌കോയിലെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫിസ് ആസ്ഥാനത്തിനു സമീപത്തായാണ് കാറിന് തീപിടിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം.കാറില്‍നിന്നു പുക ഉയരുന്നതും സമീപത്തുള്ളവര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തീപിടിക്കുന്ന സമയത്ത് കാറിനുള്ളില്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. എന്‍ജിന്‍ ഭാഗത്താണ് ആദ്യം തീപിടിച്ചത്. പിന്നീട് കാറിനുള്ളിലേക്കു തീ വ്യാപിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗത്തുനിന്നു കറുത്ത പുക ഉയരുന്നതും ദൃശ്യങ്ങളില്‍ കാണാം.
കാറിനു തീപിടിച്ചതിനെ തുടര്‍ന്ന് മോസ്‌കോയില്‍ സുരക്ഷ കര്‍ശനമാക്കി. റഷ്യന്‍ നിര്‍മിത ആഡംബര കാറാണ് പുടിന്‍ ഉപയോഗിക്കുന്നത്. റഷ്യന്‍ പ്രസിഡന്റിനുനേരെ നടന്ന വധശ്രമമാണെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.