കൊച്ചി: കൈക്കൂലിക്കേസിൽ പിടിയിലായ എറണാകുളം ആർടിഒ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി യുവ സംരഭകൻ രംഗത്തി. ആർടിഒ ജേഴ്സണും ഭാര്യയും ചേർന്ന് കൊച്ചിയിൽ തുടങ്ങിയ തുണിക്കടയുടെ മറവിൽ തന്റെയടുത്തുനിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവ സംരംഭകൻ പറയുന്നു. പണം തിരികെ ചോദിച്ചപ്പോൾ ‘പണി തരുമെന്ന്’ ഭീഷണിപ്പെടുത്തി. കൈക്കൂലിക്കേസിൽ ആർടിഒ പിടിയിലായതോടെ പരാതിയുമായി പോലീസിനെയും വിജിലൻസിനെയും സമീപിച്ചിരിക്കുകയാണ് യുവാവ്.
ഇടപ്പള്ളിക്കാരനായ യുവസംരഭകൻ അൽ അമീനാണ് തുണിക്കടയുടെ മറവിൽ ലക്ഷങ്ങൾ ആർഡിഒയും ഭാര്യയും തട്ടിയെടുത്തത്. ഉമ്മയ്ക്കൊപ്പം കൊച്ചിയിൽ ഡ്രീംസ് ഫാഷനെന്ന പേരിൽ തുണിക്കട നടത്തുകയാണ് ഇദ്ദേഹം. കടയിലെ നിത്യസന്ദർശകനായിരുന്നു ആർടിഒയും ഭാര്യയും. പിന്നീട് ഇതിന്റെ വശങ്ങൾ ചോദിച്ചറിഞ്ഞ ആർടിഒ, 2022ൽ ഭാര്യയുടെ പേരിൽ മാർക്കറ്റ് റോഡിൽ സ്വന്തമായി തുണിക്കട തുറന്നു. കടയിലേക്കുള്ള തുണിത്തരങ്ങൾ ഡ്രീംസ് ഫാഷനിൽ നിന്നാണ് സ്വന്തം കടയിലേക്ക് കൊണ്ടുപോയത്.
പലതവണയായി 75 ലക്ഷം രൂപയുടെ തുണിത്തരങ്ങൾ ആർടിഒ വാങ്ങി. കടയുടെ പ്രവർത്തനം മുന്നോട്ട് പോകുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്ന് കരാർ ഒപ്പിട്ടു. പിന്നീട് ആർടിഒ, ഭാര്യയുടെയും അൽ അമീൻറെയും പേരിൽ ജിഎസ്ടി റജിസ്ട്രേനും ജോയിൻറ് അക്കൗണ്ടുമടക്കം തുടങ്ങി. എന്നാൽ അൽ അമീന് പണം തിരികെ നൽകിയില്ല. വിറ്റ് വരവ് കണക്കുകൾ മൂടിവച്ചുവെന്നാണ് ആരോപണം. സഹികെട്ട് തൻ്റെ പണം തിരികെ ചോദിച്ചു ചെന്ന അൽ അമീനോട് പണി തരുമെന്ന ഭീഷണിയായിരുന്നു മറുപടിയെന്നാണ് ആരോപണം. പണം ചോദിച്ച് വീട്ടിലേക്ക് ചെന്നാൽ പട്ടിയെ തുറന്ന് വിടുമെന്നും ആർടിഒ ജഴ്‌സൺ ഭീഷണിപ്പെടുത്തി.
ആദ്യം നിയമനടപടിക്ക് മുതിർന്നെങ്കിലും ഭയം കാരണം മുന്നോട്ട് പോയില്ല. ഒടുവിൽ കൈക്കൂലി കേസിൽ ആർടിഒ അറസ്റ്റിലായെന്ന് അറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് യുവാവ് പറയുന്നു. സസ്പെൻഷനിലായ ആർടിഒയുടെ എല്ലാ സാമ്പത്തിക ക്രമക്കേടും വിശദമായി അന്വേഷിക്കാനുള്ള നീക്കത്തിലാണ് വിജിലൻസ്. ജേഴ്സസൺ മൂന്നാറിലടക്കം സ്ഥലം വാങ്ങികൂട്ടിയതായും ആരോപണമുണ്ട്. അതേസമയം കൈക്കൂലിക്കേസിൽ അറസ്റ്റിലായ ആർടിഒയെ ഡിപ്പാർട്ട്മെന്റിൽ നിന്ന് സസ്പെൻഡ് ചെയ്തു.