കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ ആർഎസ്പി സ്ഥാനാർഥിയായി കൊല്ലം എംപി എൻ.കെ. പ്രേമചന്ദ്രന്റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ മത്സരിപ്പിക്കാൻ ആർഎസ്പിയിൽ ആലോചനയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് അനൗദ്യോഗിക ചർച്ചകൾ നടന്നതായാണു പുറത്തുവരുന്ന വിവരം. മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കാൻ കാർത്തിക് തയാറാകും. പക്ഷെ പാർട്ടിയാണ് വലുതെന്നും മകനായി വാദിക്കില്ലെന്നുമാണ് പ്രേമചന്ദ്രന്റെ നിലപാട്. നിലവിൽ കൊല്ലം ടികെഎം എൻജിനിയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് കാർത്തിക്.
അതേസമയം പിതാവിനായും മറ്റു സ്ഥാനാർഥികൾക്കായും നേരത്തെമുതൽ പ്രചരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു കാർത്തിക്. 2014 മുതൽ കഴിഞ്ഞ മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും പ്രേമചന്ദ്രന്റെ പ്രചാരണത്തിൽ കാർത്തിക്കുമുണ്ടായിരുന്നു. കൂടാതെ ഷിബു ബേബി ജോണിനു വേണ്ടി ചവറയിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും കാർത്തിക് മുന്നണിക്കായി പ്രവർത്തിച്ചിട്ടുണ്ട്.
ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ടി.കെ.ദിവാകരന്റെ മകൻ ബാബു ദിവാകരനായിരുന്നു 2021 ൽ ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാർഥി. ഇതിനിടെ ബേബി ജോണിന്റെ മകനായ ഷിബു ബേബി ജോൺ ചവറയിൽ മത്സരിക്കുമ്പോൾ മക്കൾ രാഷ്ട്രീയം ഇനിയും വേണോയെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ചോദ്യം. കാർത്തിക് ഉൾപ്പെടെ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ പേരുകൾ ഉയർന്നതോടെ മണ്ഡലത്തിൽ തന്നെയുള്ളയാൾ സ്ഥാനാർഥിയാകണം എന്ന ആവശ്യവും ശക്തമാണ്. നിലവിൽ കോർപറേഷൻ കൗൺസിലർ എം.എസ്. ഗോപകുമാറിന്റെയും സുധീഷ് കുമാറിന്റെയും പേരുകളാണ് സജീവ പരിഗണനയിലുള്ളത്. ആർഎസ്‍പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ്, ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് എന്നിവരുടെ പേരുകളും ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.
അതേസമയം എൽഡിഎഫിൽ ആയിരുന്നപ്പോൾ തുടർച്ചയായി വിജയിച്ചിരുന്ന ഇരവിപുരം സീറ്റിൽ, യുഡിഎഫിൽ എത്തിയ ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും ആർഎസ്പി പരാജയപ്പെട്ടിരുന്നു. പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസായിരുന്നു ഏറ്റവും ഒടുവിൽ ആർഎസ്പി സ്ഥാനാർഥിയായി വിജയിച്ചത്. പിന്നീട് പരാജയമായിരുന്നു ഫലം.
.















































