കൊച്ചി: മകളുടെ വിവാഹത്തിന് നാട്ടിലെത്തിയ പ്രവാസിയെ മാലമോഷണക്കേസിൽ പ്രതിയാക്കി ആളുമാറി അറസ്റ്റുചെയ്ത് ജയിലിലടച്ച സംഭവത്തിൽ സർക്കാർ നഷ്ടപരിഹാരം കൊടുക്കണമെന്ന് ഹൈക്കോടതി. നിരപരാധിയെ ജയിലിലാക്കിയ സംഭവത്തിൽ 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ട്. പബ്ലിക് ലോ റെമഡി അനുസരിച്ചാണ് ജസ്റ്റിസ് പിഎം മനോജിന്റെ സുപ്രധാന ഉത്തരവ്.
കണ്ണൂർ തലശ്ശേരി സ്വദേശി വികെ താജുദ്ദിനും കുടുംബത്തിനുമാണ് സർക്കാർ നഷ്ടപരിഹാരം നൽകേണ്ടത്. ഈ തുക താജുദ്ദിനെ ജയിലിലടച്ച കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ്‌ഐയായിരുന്ന പി ബിജു, എഎസ്‌ഐമാർ ആയിരുന്ന യോഗേഷ്, ടി ഉണ്ണികൃഷ്ണൻ തുടങ്ങിയവരിൽ നിന്ന് ഈടാക്കണോയെന്ന് സർക്കാരിന് തീരുമാനിക്കാം. താജുദ്ദിനും കുടുംബവും അഡ്വ.ടി ആസഫലി വഴി ഫയൽചെയ്ത ഹർജിയിലാണ് നടപടി.
നഷ്ടപരിഹാര തുകയിൽ 10 ലക്ഷം രൂപ താജുദ്ദിനും ഒരു ലക്ഷം രൂപ വീതം ഭാര്യയ്ക്കും മൂന്ന് മക്കൾക്കും നൽകാനാണ് ഉത്തരവ്. പോലീസിന്റെ ഭഗത്തു നിന്ന് ഇത്തരത്തിൽ ഉത്തരവാദിത്വമില്ലാത്ത നടപടി ഇനിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം 2018 ലാണ് താജുദ്ദിന്റെ ജീവിതം തകർത്ത ദുരനുഭവം ഉണ്ടായത്. ഖത്തറിൽ റെൻ്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു താജുദ്ദിൻ. 2018 ജൂൺ 25 ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു സംഭവം. ജൂലായ് 11 ന് രാത്രി സഹോദരിയുടെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ താജുദ്ദിനെയും കുടുംബത്തെയും പോലീസ് പിടികൂടി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു. ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീൻ ആണെന്ന് പറഞ്ഞായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
താനല്ലെന്നു പറഞ്ഞ് താജുദ്ദീൻ ഇത് നിഷേധിച്ചെങ്കിലും പോലീസ് അംഗീകരിച്ചില്ല. സിസിടിവി ദൃശ്യത്തിലുള്ളത് താജുദ്ദീൻ തന്നെയാണെന്നും അഞ്ചരപ്പവന്റെ മാല നഷ്ടപ്പെട്ട സ്ത്രീയടക്കം മൊഴി നൽകിയിട്ടുണ്ടെന്നായിരുന്നു പോലീസ് നിലപാട്. തെളിവെടുക്കാനെന്ന പേരിൽ നൂറുകണക്കിനാളുകളുടെ മുന്നിലൂടെ ബന്ധുവീട്ടിലടക്കം കൊണ്ടുപോയെങ്കിലും തൊണ്ടിമുതലൊന്നും കണ്ടെത്താനായില്ല. തുടർന്നു താജുദ്ദീന്റെ ഭാര്യ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ അന്വേഷണം കണ്ണൂർ ഡിവൈഎസ്‌പിക്കു കൈമാറി. പിന്നീട് ശരത് വത്സരാജ് എന്നയാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. പിന്നാലെ താജുദ്ദീന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിനെത്തുടർന്ന് മടങ്ങാൻ വൈകിയതിന് ഖത്തറിലും 23 ദിവസം താജുദ്ദീൻ ജയിലിലായി. ജോലിയും നഷ്ടപ്പെട്ടിരുന്നു.















































