ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ടീമിനുവേണ്ടി ആ ത്യാഗം ഏറ്റെടുക്കാൻ തയ്യാറാണെന്ന് യുവതാരം റിയാൻ പരാഗ്. കഴിഞ്ഞ സീസണിൽ സഞ്ജു സാംസണിനു പരുക്കേറ്റപ്പോൾ എട്ടു മത്സരങ്ങളിൽ ടീമിനെ നയിച്ചത് താനാണെന്നാണു പരാഗിന്റെ വാദം. സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറിയതോടെ അടുത്ത സീസണിൽ രാജസ്ഥാനെ ആരു നയിക്കുമെന്ന ചോദ്യങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്. അതേസമയം സഞ്ജുവിനു പകരക്കാരനായി രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജ അടുത്ത സീസണിൽ ടീം ക്യാപ്റ്റനാകുമെന്നാണു വിവരം. മാത്രമല്ല രാജസ്ഥാനിലേക്കു മാറാൻ ജഡേജ തയാറായതും ക്യാപ്റ്റൻസി നൽകാമെന്ന ഉറപ്പിൻമേലാണെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
. ‘‘കഴിഞ്ഞ സീസണിൽ ഏഴോ, എട്ടോ മത്സരങ്ങളിൽ ഞാനായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ. ഡ്രസിങ് റൂമിൽവച്ച് രുമാനങ്ങളെക്കുറിച്ചു പരിശോധിച്ചപ്പോൾ 80–85 ശതമാനം കാര്യങ്ങളും ഞാൻ ശരിയായി ചെയ്തിട്ടുണ്ട്.’’– റിയാൻ പരാഗ് മാധ്യമങ്ങളോടു പറഞ്ഞു.
‘ലേലത്തിനു ശേഷം ക്യാപ്റ്റന്റെ കാര്യം തീരുമാനിക്കുമെന്നാണു ടീം ഉടമ മനോജ് ബദാലെ സർ എന്നോടു പറഞ്ഞിട്ടുള്ളത്. അതിനെക്കുറിച്ചു കൂടുതൽ ചിന്തിച്ച് വഷളാക്കാൻ ഞാനില്ല. ടീമിന് ഞാൻ യോഗ്യനാണെന്നു തോന്നിയാൽ നായക സ്ഥാനം ഏറ്റെടുക്കാൻ ഞാൻ തയാറാണ്. ഒരു കളിക്കാരനെന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എനിക്കു താൽപര്യമുണ്ട്. എല്ലാവരും കരുതും ക്യാപ്റ്റൻസി എളുപ്പമുള്ള കാര്യമാണെന്ന്. കുറച്ചു കൂടി പ്രാധാന്യം നമുക്കു കിട്ടും. പക്ഷേ യോഗങ്ങളും ഷൂട്ടുകളുമൊക്കെയായി നമ്മുടെ ക്രിക്കറ്റിനു വേണ്ടിയുള്ള സമയം 20 ശതമാനത്തോളം കുറയും.’’– റിയാൻ പരാഗ് വ്യക്തമാക്കുന്നു. അതേസമയം ഡിസംബർ 16ന് നടക്കുന്ന മിനിലേലത്തിനു ശേഷം രാജസ്ഥാൻ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

















































