അനന്ത് അംബാനിയുടെ വൻതാര 20 ആനകളെ കൂടി വരവേൽക്കാനൊരുങ്ങുന്നു. അരുണാചൽ പ്രദേശിലെ തടി വ്യവസായ മേഖലയിൽ (കൂപ്പുകളിൽ) ചൂഷണത്തിനിരയായി കഴിയുകയായിരുന്ന 20 ആനകളെയാണ് വൻതാരയുടെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയത്. 10 കൊമ്പനാന, 8 പിടിയാന, രണ്ട് കുട്ടിയാനകൾ എന്നിവയടങ്ങുന്ന സംഘത്തെയാണ് വൻതാരയിലെത്തിക്കുന്നത്.
സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ത്രിപുര ഹൈക്കോടതി രൂപീകരിച്ച ഉന്നതാധികാര സമിതിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ആനകളുടെ നിലവിലെ ഉടമസ്ഥരുടെ സമ്മതത്തോടെയാണ് അവയെ വൻതാരയിലെത്തിക്കുന്നത്. വൻതാരയിലെത്തുന്ന ആനകൾക്ക് ഇനി ചങ്ങലകളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുണ്ട്